കാസര്‍കോട്: നാലാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേള (കിഫ്-21) സമാപിച്ചു. സൈക്കിള്‍ മികച്ച ഷോര്‍ട്ട് ഫിലിം ആയും ‘നവ മലയാളം’ മികച്ച മ്യൂസിക്കല്‍ ആല്‍ബമായും തിരഞ്ഞെടുത്തു. ‘അകം’ ആണ് രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം. ‘ചുറ്റ്’ മൂന്നാം സ്ഥാനം നേടി. ആല്‍ബം വിഭാഗത്തില്‍ ‘ദൂരെ’ രണ്ടാമതും ‘ഇല്ലിതള്ള’ മൂന്നാമതുമായി. സംവിധായകരായ ശരീഫ് ഈസ, അനുപ് കെ.കെ, ശ്രീകൃഷ്ണന് കെ.പി, സംഗീത സംവിധായകന് അരുണ്‍ ആലാട്ട്, അഭിനേതാക്കളായ മോനിഷ മോഹന്‍, അനന്തകൃഷന്‍, അര്ജുന് അശോകന് തുടങ്ങി ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖര്‍ മേളയുടെ വിവിധ സെഷനുകളില്‍ സംബന്ധിച്ചു. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ കാസര്‍കോട് ആദ്മിയുടെ സഹകരണത്തോടെ കാസര്‍കോടിനൊരിടം കൂട്ടായ്മയാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചത്. മികച്ച സിനിമക്കും തിരക്കഥക്കുമുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം നേടിയ സംവിധായകന് ജിയോ ബേബി ചെയര്‍മാനായ ജൂറിയാണ് മത്സര വിഭാഗങ്ങളില്‍ വിധി നിര്‍ണയിച്ചത്. ഒരു കരക്കും മറ്റനേകര്‍ക്കുമിടയില്‍, ദിസ് ഈസ് നോട്ട് ബുറിയല്‍ ഇറ്റ്സ് എ റിസ്സറക്ഷന്‍, വിശുദ്ധ രാത്രികള്‍, അയ്ല ദി ഡോട്ടര്‍ ഓഫ് വാര് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഗോള്‍ഡ് എന്ന സിനിമയുടെ ഏഷ്യന്‍ പ്രീമിയര്‍, ഹൃസ്വ ചിത്ര, മ്യൂസിക്കല്‍ ആല്‍ബം മത്സരത്തിലെ മികച്ച 10 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമാപന സെഷന് ഉദ്ഘാടനം ചെയ്തു. ടി.എ ഷാഫി, സുബിന് ജോസ്, കെ.പി.എസ് വിദ്യാനഗര്‍, പവീഷ് കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് കാസര്‍കോട് നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ അവാര്‍ഡ് വിതരണം ചെയ്തു.