യുവാവിനും ഉമ്മയ്ക്കും ലഹരി സംഘത്തിന്റെ മര്‍ദനമെന്ന് പരാതി; ഒരാള്‍ അറസ്റ്റില്‍

ചെര്‍ക്കള: യുവാവിനും ഉമ്മയ്ക്കും ലഹരി സംഘത്തിന്റെ മര്‍ദനമെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി.വിപിനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിവില്‍പന സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീട്ടില്‍ക്കയറി മര്‍ദിക്കുകയും വീടിന്റെ ജനല്‍ച്ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
സംഭവത്തില്‍ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് നയാസിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും ഇയാളുടെ സഹോദരനുമായ ഉമറുല്‍ ഫാറൂഖ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കെകെ പുറം കുന്നില്‍ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാന്‍, ഉമ്മ ബി.സല്‍മ എന്നിവര്‍ക്കാണ് കഴിഞ്ഞ ഞായറാഴ്ച മര്‍ദനമേറ്റത്. വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുല്‍ ഫാറൂഖിനെയും മറ്റൊരാളെയും ആദൂര്‍ പൊലീസ് പിടികൂടിയിരുന്നു. പൊലീസിന് വിവരം നല്‍കിയത് അഹമ്മദ് സിനാന്‍ ആണെന്ന് ആരോപിച്ചായിരുന്നു പ്രതികളുടെ ആക്രമണം.
ലഹരിമാഫിയയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മാസ്തിക്കുണ്ടില്‍ കഴിഞ്ഞദിവസം രാത്രി പ്രദേശവാസികള്‍ പ്രകടനം നടത്തിയിരുന്നു. നൂറുകണക്കിനുപേരാണ് ഇതില്‍ അണിനിരന്നത്.