കുണ്ടും കുഴിയും; കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ദുരിതത്തിന് പരിഹാരം കാണണം; പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നോട്ടിസ്

കാസര്‍കോട്: കുണ്ടും കുഴിയുമായ കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന ഹര്‍ജിയില്‍ പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നോട്ടിസ് അയച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി. 15ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വ.എ.രാധാകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കാസര്‍കോട് ചന്ദ്രഗിരി പാലം റോഡ് ജംക്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ 339 കുഴികള്‍ ഉണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മഴക്കാലത്തിനുശേഷം റോഡിന്റെ സ്ഥിതി വളരെ പരിതാപകരമാണെന്നും കുഴികളില്‍ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇന്ധന നഷ്ടം, വാഹനങ്ങള്‍ക്ക് തകരാര്‍, ആരോഗ്യ നഷ്ടം തുടങ്ങിയവ ഉണ്ടാകുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
കാസര്‍കോട് ട്രാഫിക് സര്‍ക്കിള്‍, ചന്ദ്രഗിരി പാലം റോഡ്, ചന്ദ്രഗിരി പാലം, ചെമ്മനാട്, ചളിയംകോട്, മേല്‍പ്പറമ്പ്, കളനാട്, തൃക്കണ്ണാട്, ബേക്കല്‍, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വാഹനങ്ങളെ വീഴ്ത്തുന്ന ചെറുതും വലുതുമായ കുഴികളുണ്ട്. എന്നാല്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് അറ്റകുറ്റപ്പണി ചെയ്യാന്‍ തടസമാകുന്നതെന്നാണ് അധികൃതരുടെ വാദം.