വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവ് മുംബൈയിലെ റിഗ്ഗിലുണ്ടായ അപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍: വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവ് മുംബൈയിലെ എണ്ണപ്പാടത്ത് റിഗ്ഗിലുണ്ടായ അപകടത്തില്‍ മരിച്ചു. പയ്യന്നൂര്‍ തെരുവിലെ അഞ്ചാരവീട്ടില്‍ രാജീവന്റെയും കുഞ്ഞിമംഗലം കുതിരുമ്മലിലെ പ്രഷീജയുടെയും മകന്‍ രാഹുല്‍ രാജീവ് (29) ആണ് മരിച്ചത്. ജോലിക്കിടെ പൈപ്പ് തലയില്‍ വീണ് മരിക്കുകയായിരുന്നു എന്നാണ് ജോലി സ്ഥലത്തുനിന്നും ബന്ധുക്കളെ അറിയിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് മാര്‍ച്ച് ഏഴിനാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.

ജോലിക്ക് കയറിയതിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്. ഫുട്‌ബോള്‍ താരമായ രാഹുല്‍ സംസ്ഥാന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. രാഹുലിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം.

സഹോദരി രഹ്ന രാജീവ് (അബുദാബി). മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്ത് അമ്മയുടെ വീട്ടിലും 9.30ന് പയ്യന്നൂര്‍ തെരുവിലെ വീട്ടിലും പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം 10 മണിക്ക് തെരു ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it