വിദ്യാര്‍ഥിനിയുടേയും ടാക്‌സി ഡ്രൈവറുടേയും മരണം; കേസിലെ വഴിത്തിരിവ് ഞെട്ടിപ്പിക്കുന്നത്; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

Death of student and taxi driver; High Court criticizes police

കൊച്ചി: കാസര്‍കോട് പൈവളിഗെയിലെ 15 കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടേയും 42 കാരനായ ടാക്‌സി ഡ്രൈവറുടേയും മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി.

മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പരാതി നല്‍കിയിട്ടും എന്തുകൊണ്ട് പൊലീസ് ഗൗരവമായ അന്വേഷണം നടത്തിയില്ലെന്ന് ചോദിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി നേരിട്ട് ബുധനാഴ്ച ഹാജരാകണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി.സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

പെണ്‍കുട്ടിയെ കാണാതായി 29 ദിവസം പിന്നിട്ടപ്പോഴാണ് ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടെ പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍ പ്രദീപിന്റെ മൃതദേഹവും ഉണ്ടായിരുന്നു. ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് വിദ്യാര്‍ഥിനിയെയും പ്രദീപിനെയും വീട്ടില്‍നിന്നും കാണാതായത്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതിയിലെത്തിയിരുന്നു. പരാതി നല്‍കിയിട്ട് ആഴ്ചകളായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഫലപ്രദമായും വേഗത്തിലും നടപടിയെടുത്തിരുന്നെങ്കില്‍ മകള്‍ ജീവനോടെയുണ്ടാകുമായിരുന്നുവെന്നും അമ്മ ഹര്‍ജിയില്‍ വ്യക്തമാക്കിയിച്ചിരുന്നു. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചു.

കേസിലെ ഈ വഴിത്തിരിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഹര്‍ജി ഇപ്പോള്‍ തീര്‍പ്പാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അന്തിമ തീരുമാനത്തിലെത്തുന്നതിന് മുന്‍പ് എന്താണ് കൃത്യമായി സംഭവിച്ചതെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.

15 വയസ്സുകാരിയുടെയും ടാക്‌സി ഡ്രൈവറായ പ്രദീപിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹത്തിന് 3 ആഴ്ചയിലേറെ പഴക്കമുണ്ടെന്നും വിശദമായ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it