എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദിച്ച വി.എസ്

കാസര്‍കോട്: കാസര്‍കോടിന്റെ മണ്ണിനെ വിഷലിപ്തമാക്കിയ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി.എസിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2002ല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചത് അദ്ദേഹമായിരുന്നു. കാസര്‍കോട്ടെ പരിസ്ഥിതി പ്രവര്‍ത്തകരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളികളും മണിക്കൂറുകളോളം എടുത്താണ് എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെയും അതുമൂലമുണ്ടായ ദുരന്തത്തെയും സംബന്ധിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. താമസിയാതെ തന്നെ എന്‍മകജെയും ബോവിക്കാനവുമടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തത്തെ കുറിച്ച് നേരിട്ട് മനസിലാക്കുകയും ചെയ്തു. ഇവിടത്തെ ദുരിത വ്യാപ്തി വിളിച്ചോതുന്ന ചിത്രങ്ങള്‍ കാട്ടിയായിരുന്നു വി.എസ് നിയമസഭയില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത തുറന്നുക്കാട്ടിയത്.
അദ്ദേഹത്തിന്റെ 'അയ്യങ്കാളി മുതല്‍ പശ്ചിമഘട്ടം വരെ' എന്ന പുസ്തകത്തില്‍ എന്‍ഡോസള്‍ഫാന്‍: ഒടുങ്ങാത്ത നിലവിളി എന്ന അധ്യായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ നേരിട്ട് കണ്ട്, ദുരിതാവസ്ഥ സംബന്ധിച്ച് നടത്തിയ ഇടപെടലുകളെ വിശദമായി പ്രതിപാതിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാനെതിരെ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അന്നത്തെ കൃഷി മന്ത്രി ഗൗരിയമ്മ പറഞ്ഞത് കാസര്‍കോട്ടെ പ്രശ്‌നത്തില്‍ എന്‍ഡോസള്‍ഫാന് ബന്ധമില്ലെന്നായിരുന്നു. എന്നാല്‍ താന്‍ ഈ പ്രശ്‌നം അസംബ്ലിയില്‍ തുടരെത്തുടരെ ഉന്നയിക്കുകയും അതോടൊപ്പം കാസര്‍കോട്ട് ബഹുജന സമരം വളര്‍ന്നുവരുകയായിരുന്നുവെന്നും വി.എസ് ഈ അധ്യായത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന ബഹുജന സമരം ഉദ്ഘാടനം ചെയ്തതും വി.എസായിരുന്നു.
അസംബ്ലിയില്‍ നിരന്തരം ഈ വിഷയം അവതരിപ്പിച്ചതിന് പുറമെ അന്നത്തെ കേന്ദ്ര കൃഷി മന്ത്രി അജിത് സിംഗ്, ആരോഗ്യമന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പലതവണ കത്തെഴുതുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ ആന്റണി, ആരോഗ്യമന്ത്രി പി. ശങ്കരന്‍ എന്നിവര്‍ക്ക് നിരന്തരം കത്ത് നല്‍കുകയും പലതവണ നേരിട്ട് സംസാരിക്കുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ആവശ്യം ഉയര്‍ത്തി. 2006 മെയ് 18ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൃഷി മന്ത്രി രേഖാമൂലം നല്‍കിയ ഒരു ഉത്തരം പ്രശ്‌നമായത് സംബന്ധിച്ചും വി.എസ് ഈ അധ്യായത്തില്‍ പറയുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ കാരണം ആരെങ്കിലും മരിച്ചുവോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്ത മറുപടി ആരും മരിച്ചിട്ടില്ലെന്നായിരുന്നു. കൃഷി മന്ത്രി ഒപ്പിട്ട് നല്‍കിയ ആ മറുപടി പിശകായിരുന്നു. അതിനിടെ ഈ വിഷയത്തില്‍ എം.എ റഹ്മാന്‍ കടുത്ത രോഷത്തോടെ മാതൃഭൂമി ആഴ്ചപതിപ്പില്‍ ലേഖനം എഴുതിയിരുന്നു. നിരാലംബരായ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതാവസ്ഥ സംബന്ധിച്ച ഹൃദയ സ്പര്‍ശിയായ വിവരണമായിരുന്നു അത്. ലേഖനം വായിച്ച ഉടന്‍ തന്നെ കൃഷി മന്ത്രിയെ വിളിച്ച് സംസാരിക്കുകയും ഇത്തരത്തില്‍ വന്ന പിശക് മന്ത്രി തിരുത്തുകയും ചെയ്തതായി വി.എസ് ഇതില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ ഓഫീസിലേക്ക് വിളിച്ചുവരുത്തി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിനിടെ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് ബജറ്റില്‍ അരക്കോടി രൂപ നീക്കിവെച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷബാധ കാരണം 178 പേര്‍ മരിച്ചതായാണ് അന്ന് ജില്ലാ പഞ്ചായത്തിന്റെ കണക്ക്. മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയും അടുത്തയാഴ്ച തന്നെ കാസര്‍കോട്ടെത്തി തുക വിതരണം നടത്തുകയും ദുരിതബാധിത മേഖല വീണ്ടും സന്ദര്‍ശിക്കുകയും ചെയ്തു. അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ കാസര്‍കോട്ടെത്തി പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. ജില്ലയിലെ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍വെ നടത്തി രോഗബാധിതരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. രോഗബാധിതര്‍ക്ക് 250 രൂപയും പരിചരിക്കുന്നവര്‍ക്ക് 250 രൂപയും പ്രതിമാസം അലവന്‍സ് നല്‍കാനും കാസര്‍കോട് മേഖലയിലെ ഗവ. ആസ്പത്രികളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക ചികിത്സ നല്‍കാനും സംവിധാനമൊരുക്കി. രണ്ട് രൂപാ നിരക്കില്‍ റേഷനരിയും ലഭ്യമാക്കി. രോഗിയുടെ അലവന്‍സ് 700 രൂപയും പരിചരിക്കുന്നവരുടേത് 300 രൂപയുമാക്കി. പിന്നെയും അത് വര്‍ധിപ്പിച്ച് 2,000വും 1,000വുമാക്കി. എല്ലാ ആസ്പത്രിയിലും സൗജന്യമായി വിദഗ്ധ ചികിത്സക്ക് സംവിധാനമൊരുക്കി. എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് സ്ഥിരം മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും മൊബൈല്‍ ചികിത്സാ യൂണിറ്റ് ആരംഭിക്കുകയും എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ റേഷന്‍ പൂര്‍ണ്ണമായി സൗജന്യമാക്കുകയും ചെയ്തു.
ആസ്പത്രികള്‍ നവീകരിക്കാനും വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘങ്ങള്‍ ഓരോ പഞ്ചായത്തിലും ക്യാമ്പ് ചെയ്ത് പരിശോധന നടത്തി കൂടുതല്‍ ചികിത്സ ആവശ്യമായവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുകയും ഇതെല്ലാം സമയബന്ധിതമായി നീക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ സംവിധാനമൊരുക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ലോക വ്യാപകമായി നിരോധിക്കുന്നതിന് കേരളത്തില്‍ നടന്ന സമരങ്ങള്‍ ഏറെ സഹായകമായെന്നും വി.എസിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട്ടെ വിവിധ സംഘടനകള്‍ നടത്തിയ സമരങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ഒപ്പുമരം പോലുള്ള പരിപാടികളുമെല്ലാം വന്‍തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.