വിധിയെഴുത്തിന് ഇനി നാല് നാളുകള്‍; വിജയം ലക്ഷ്യമാക്കി പ്രചരണം ചൂടുപിടിക്കുന്നു

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി നാല് നാളുകള്‍ മാത്രം ബാക്കിയിരിക്കെ നാടെങ്ങും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചു. മുന്നണികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇടങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളിമെല്ലാം പ്രചരണം തീപിടിച്ചിരിക്കുകയാണ്. മുന്നണികളുടെ സംസ്ഥാന നേതാക്കളടക്കം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. വീടുകളില്‍ കയറിയുള്ള വോട്ടഭ്യര്‍ത്ഥനയും റോഡ്‌ഷോയും അടക്കം പലയിടങ്ങളിലും നടന്നുവരികയാണ്. അതേസമയം, മത്സരപ്രതീതി പ്രകടമാവാത്ത പല വാര്‍ഡുകളും ജില്ലയിലുണ്ട്. എല്‍.ഡി.എഫും യു.ഡി.എഫും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും ശക്തമാണ്. കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം ലഭിച്ച ഇടതുമുന്നണി കൂടുതല്‍ സീറ്റുകള്‍ നേടി തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്. കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സമുന്നത നേതാക്കളെയെല്ലാം തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്ജവും പകരാന്‍ നേതൃത്വത്തിനായി. ജില്ലാ പഞ്ചായത്തില്‍ അംഗബലം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എന്‍.ഡി.എ മുന്നണി. നേരത്തെ 17 ഡിവിഷനുകളുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഒരു ഡിവിഷന്‍ വര്‍ധിച്ച് 18 ആയി. നിലിവില്‍ എല്‍.ഡി.എഫിന് സ്വതന്ത്രന്‍ ഉള്‍പ്പെടെ 8ഉം യു.ഡി.എഫിന് ഏഴും ബി.ജെ.പിക്കും രണ്ടും അംഗങ്ങളാണുള്ളത്. 9 മുതല്‍ 12 വരെ ഡിവിഷനുകള്‍ ലഭിക്കുമെന്ന അഭിപ്രായമാണ് ഇരുമുന്നണികള്‍ക്കും ഉള്ളത്. അതേസമയം അംഗബലം രണ്ടില്‍ നിന്ന് അഞ്ചുവരെയായി ഉയരുമെന്ന് എന്‍.ഡി.എയും അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള മിക്ക ഡിവിഷനുകളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചിലയിടങ്ങളില്‍ ശക്തമായ ത്രികേണ മത്സരമാണ്. നിലവില്‍ 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫുമാണ്. ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാനും ശക്തമായ മത്സരമുണ്ട്. എന്നാല്‍ ആറിടത്തും ഭരണമാറ്റത്തിന് വലിയ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

മൂന്ന് നഗരസഭകളില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ്. കാസര്‍കോട് നഗരസഭ യു.ഡി.എഫും നീലേശ്വരം എല്‍.ഡി.എഫും നിലനിര്‍ത്തുമെന്നും കാഞ്ഞങ്ങാട്ടെ കാര്യം പ്രവചനാതീതമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 39 പഞ്ചായത്തുകളില്‍ നിലവില്‍ 19 ഇടത്ത് എല്‍.ഡി.എഫും 15 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എന്‍.ഡി.എയും മഞ്ചേശ്വരത്ത് സ്വതന്ത്രയുമാണ് പ്രസിഡണ്ട്. പല പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷമില്ലാതെയാണ് മുന്നണികള്‍ക്ക് ഭരണം ലഭിച്ചത്. സ്വതന്ത്രരുടെയും വിമതരുടെയും പിന്തുണയോടെയും ഭാഗ്യത്തിന്റെ തുണയോടെയും ഭരണം ലഭിച്ച പഞ്ചായത്തുകളുമുണ്ട്. ഈ പഞ്ചായത്തുകളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്. പല പഞ്ചായത്തുകളിലും ഭരണം മാറിമറിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചിലയിടങ്ങളില്‍ മുന്നണികള്‍ക്ക് ഭീഷണിയായി വിമതരുടെ സാന്നിധ്യവുമുണ്ട്. പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ വിമതരുടെയും സ്വതന്ത്രരുടെയും സാന്നിധ്യം വിനയാകുമെന്നാണ് പാര്‍ട്ടികളുടെയും നേതാക്കളുടെയും ആശങ്ക. ഭരണം പിടിച്ചെടുക്കാനുള്ള മുന്നണികളുടെ പ്രചരണാവേശത്തില്‍ നിറമണിയുകയാണ് പല പ്രദേശങ്ങളും. പ്രചരണത്തിന് എ.ഐ സാധ്യതകളുള്‍പ്പെടെ പരമാവധി തന്ത്രങ്ങളെല്ലാം പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പയറ്റുന്നുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it