കാസര്‍കോട് നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍ കസ്റ്റഡിയില്‍
സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് പ്രശ്‌നം; പിടിയിലായവരില്‍ നാലുപേര്‍ ആന്ധ്രാ സ്വദേശികള്‍

കസ്റ്റഡിയിലെടുത്ത കാര്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഹോട്ടലിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴ് പേര്‍ പൊലീസ് കസ്റ്റഡിയില്‍. നാല് ആന്ധ്രാ സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. തട്ടിക്കൊണ്ടുപ്പോയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളിലാണ് കേരള-കര്‍ണാടക പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. മേല്‍പ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബേക്കല്‍ സ്വദേശി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നും പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ ഉച്ചക്ക് കാസര്‍കോട് ഉഡുപ്പി ഹോട്ടലിന് സമീപം വെച്ചാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ഹനീഫയെ ബലമായി കാറില്‍ പിടിച്ചുകയറ്റി പോവുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി സംഘം ഹനീഫയെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന സംഭവം ദൃക്‌സാക്ഷികളെ പരിഭ്രാന്തിയിലാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഘം തലപ്പാടി വഴി കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ണാടക പൊലീസിന്റെ സഹായം തേടുകയായിരുന്നു. അതിര്‍ത്തികളിലും പ്രധാന പാതകളിലും കര്‍ണാടക പൊലീസ് പരിശോധന കര്‍ശനമാക്കി. ഒരു ചെക്ക് പോസ്റ്റില്‍ വാഹനം കണ്ടെത്തിയെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് കര്‍ണാടക പൊലീസ് മൂന്നു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് ഹാസനില്‍ വെച്ച് സംഘത്തെ പിടിച്ചത്. തുടര്‍ന്ന് കാസര്‍കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഘത്തെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും കാസര്‍കോട്ട് എത്തിച്ചു. യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പൊലീസ് സ്വമേധയാണ് കേസെടുത്തിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ചെര്‍ക്കള ഭാഗത്തെ രണ്ട് പേരും ചട്ടഞ്ചാല്‍ ഭാഗത്തെ ഒരാളും നാല് ആന്ധ്രാ സ്വദേശികളുമാണ് കസ്റ്റഡിയിലുള്ളത്.
തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച ആന്ധ്ര രജിസ്‌ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യസമയത്തുള്ള ഇടപെടലും ഇരുസംസ്ഥാനങ്ങളിലെയും പൊലീസിന്റെ ഏകോപനവുമാണ് പ്രതികളെ അതിവേഗം പിടിക്കാന്‍ സഹായിച്ചത്.

