കാസര്‍കോട് അടക്കം ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്

കനത്ത സുരക്ഷ

കാസര്‍കോട്: കാസര്‍കോട് അടക്കം തൃശൂര്‍ വരെയുള്ള 7 ജില്ലകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ നാളെ ബൂത്തിലേക്ക്. ഏഴ് ജില്ലകളില്‍ 470 ഗ്രാമപഞ്ചായത്തുകളിലെ 9027 വാര്‍ഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാ പഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റികളിലെ 1834 വാര്‍ഡുകളിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലെ 188 ഡിവിഷനുകളിലേക്കുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കന്‍ കേരളത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കുകയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിച്ചു. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നല്‍കും. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം നിര്‍ത്തിവെച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാളെ റീപോളിംഗ് നടത്തും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.

നാളെ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

കാസര്‍കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടക്കമാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it