സാബു എബ്രഹാം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവും

കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വീനറുമായ സാബു എബ്രഹാം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാവും. 18 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 9ഉം യു.ഡി.എഫിന് 8ഉം അംഗങ്ങളാണുള്ളത്. എന്‍.ഡി.എക്ക് ഒന്നും. ഇടത്-വലത് മുന്നണികള്‍ ഒരു സീറ്റ് വീതം വര്‍ധിപ്പിച്ചപ്പോള്‍ ബി.ജെ.പിക്ക് ഒരംഗത്തെ നഷ്ടപ്പെടുകയാണ് ഉണ്ടായത്. കുറ്റിക്കോല്‍ ഡിവിഷനില്‍ നിന്ന് 7,380 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാബു എബ്രഹാം യു.ഡി.എഫിലെ കൂക്കള്‍ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. പെരിയ ഡിവിഷനില്‍ നിന്ന് വിജയിച്ച സി.പി.ഐയിലെ കെ.കെ സോയ കള്ളാര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച കേരളാ കോണ്‍ഗ്രസ് പ്രതിനിധി റീനാ തോമസ് എന്നിവരുടെ പേരുകളാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുള്ളത്. ഇതില്‍ സി.പി.ഐ പ്രതിനിധിക്കാണ് കൂടുതല്‍ സാധ്യത. ചില ഡിവിഷനുകള്‍ ചെറിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണപ്രതീക്ഷയും നഷ്ടപ്പെടുകയുമായിരുന്നു. കടുത്ത മത്സരം നടന്ന ബേക്കല്‍ ഡിവിഷനിലും പുത്തിഗെ ഡിവിഷനിലും റീ കൗണ്ടിങ് നടത്തുകയുണ്ടായി. ബേക്കലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.വി രാധിക 267 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ഷാഹിദ റാഷീദിനെ പരാജയപ്പെടുത്തിയത്. പുതുതായി രൂപംകൊണ്ട ബേക്കല്‍ ഡിവിഷന്‍ യു.ഡി.എഫ് ഏറെ പ്രതീക്ഷവെച്ചിരുന്നു. ശനിയാഴ്ച നടന്ന വോട്ടെണ്ണലില്‍ രാധികയാണ് വിജയിച്ചത്. എന്നാല്‍ എണ്ണിയതില്‍ പിശകുണ്ടെന്ന് കാട്ടി ഷാഹിദ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്നലെ റീ കൗണ്ടിംഗ് നടത്തുകയും രാധികയുടെ വിജയം ഉറപ്പിക്കുകയുമായിരുന്നു.
പുത്തിഗെ ഡിവിഷനിലും റീ കൗണ്ടിംഗ് നടന്നു. ഇവിടെ യു.ഡി.എഫിലെ ജെ.എസ് സോമശേഖരയാണ് വിജയിച്ചത്. സോമശേഖരയുടെ വിജയത്തെ ചോദ്യം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി മണികണ്ഠ റൈ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വീണ്ടും വോട്ടെണ്ണിയത്. 418 വോട്ടിനാണ് സോമശേഖര വിജയിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഏറ്റവും അട്ടിമറി വിജയം ഇതായിരുന്നു. കഴിഞ്ഞ തവണ പുത്തിഗെയില്‍ മൂന്നാം സ്ഥാനത്തായിരുന്ന യു.ഡി.എഫ് ഇത്തവണ സോമശേഖരയെ ഇറക്കി കടുത്ത മത്സരത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. സി.പി.എമ്മിലെ കെ.എ മുഹമ്മദ് ഹനീഫ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

