സാബു അബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ സാബു അബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ഐയിലെ സോമശേഖരയെയാണ് 7നെതിരെ 9 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് 8 അംഗങ്ങള്‍ ഉണ്ട്.

മുസ്ലിം ലീഗ് അംഗം ഇര്‍ഫാന ഇക്ബാല്‍ എത്താന്‍ വൈകിയതിനാല്‍ വോട്ട് ചെയ്യാനായില്ല. ബി.ജെ.പിയുടെ ഏക അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

രാവിലെ 10 മണിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറായിരുന്നു വരണാധികാരി. നടപടികള്‍ ആരംഭിച്ച ഉടനെ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളിന്റെ വാതില്‍ അടച്ചു. അല്‍പ സമയം കഴിഞ്ഞ് ഇര്‍ഫാന ഇക്ബാല്‍ സ്ഥലത്തെത്തി. എന്നാല്‍ വാതിലടച്ചതിനാല്‍ ഹാളിനകത്ത് കയറാന്‍ സാധിച്ചില്ല.

വോട്ടെടുപ്പ് നടപടി പൂര്‍ത്തിയായ ശേഷമാണ് വാതില്‍ തുറന്നത്.

ഇര്‍ഫാന ഇക്ബാല്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണെന്നും ഉടനെത്തുമെന്നും അറിയിച്ചിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ജില്ലാ കലക്ടര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ യോഗ ഹാളില്‍ കയറിയാണ് കലക്ടറുടെ മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അഷ്‌റഫ് എടനീര്‍, ലക്ഷ്മണ പ്രഭു, സോമശേഖര, പി.ബി. ഷഫീക്, അസീസ് കളത്തൂര്‍, ഹര്‍ഷാദ് വര്‍ക്കാടി തുടങ്ങിയവരടക്കം നിരവധി പേര്‍ പ്രതിഷേധത്തിനുണ്ടായിരുന്നു.


ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സാബു അബ്രാഹാമിന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു


അധികാരമേറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ജില്ലാ കലക്ടര്‍ അനുമോദിക്കുന്നു



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it