ജില്ലാ പഞ്ചായത്തില്‍ പ്രവചനം അസാധ്യം

കാസര്‍കോട് നഗരസഭയില്‍ നില മെച്ചപ്പെടുമെന്ന് മുസ്ലിംലീഗ്

കാസര്‍കോട്: പോളിംഗ് കുറഞ്ഞത് ആര്‍ക്കാണ് നഷ്ടമുണ്ടാക്കുക എന്ന ചോദ്യങ്ങള്‍ക്കിടയിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും ബി.ജെ.പിയും.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നത് വെറും വാക്കല്ലെന്നും, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഇടത് മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആവേശകരമായ മുന്നേറ്റമാണ് വോട്ടെടുപ്പിലുണ്ടായതെന്നും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരിക്കുമെന്നും യു.ഡി.എഫ് നേതാക്കളും പറയുന്നു. തങ്ങള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതലായി നേടുമെന്ന അവകാശവാദമാണ് ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്നത്.

കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗ് ഇത്തവണ നില കൂടുതല്‍ മെച്ചപ്പെടുത്തുമെന്നാണ് അവകാശവാദം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തളങ്കര ഹൊന്നമൂല, ഫിഷ് മാര്‍ക്കറ്റ്-ഫോര്‍ട്ട് റോഡ് വാര്‍ഡുകളില്‍ കനത്ത മത്സരമാണ് നടന്നത്. കഴിഞ്ഞ കുറച്ചു കാലമായി മുസ്ലിംലീഗിന് സീറ്റ് നഷ്ടപ്പെട്ട ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ കഴിഞ്ഞ തവണ രണ്ട് വോട്ടിനാണ് പാര്‍ട്ടി തോറ്റത്. ഇത്തവണയും തങ്ങള്‍ വിജയിക്കുമെന്ന് സ്വതന്ത്രര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതാക്കള്‍. ഹൊന്നമൂല വാര്‍ഡിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ശക്തമായ പോരാട്ടം നടത്താന്‍ മുസ്ലിംലീഗിന് ഇത്തവണ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ വിജയിച്ച സ്വതന്ത്ര തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയായത്. ബാങ്കോട് വാര്‍ഡില്‍ മുസ്ലിംലീഗും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്വതന്ത്രയും തമ്മില്‍ കന്നത്ത മത്സരം നടന്നുവെങ്കിലും വലിയ വിജയപ്രതീക്ഷയിലാണ് മുസ്ലിംലീഗ്. തളങ്കരയിലെ മറ്റു വാര്‍ഡുകളിലെല്ലാം ഈസി വാക്കോവര്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു മത്സരം.

കാസര്‍കോട് നഗരസഭാ പരിധിയിലെ മറ്റു മേഖലകളില്‍ മുസ്ലിംലീഗിന്റെ ചില വാര്‍ഡുകളില്‍ മാത്രമേ വീറും വാശിയും കണ്ടുള്ളൂ. ബി.ജെ.പി നിലവിലെ സീറ്റുകളില്‍ നിന്ന് ഒരെണ്ണമെങ്കിലും വര്‍ധിപ്പിക്കുമെന്ന അവകാശമാണ് ഉന്നയിക്കുന്നത്.

കാഞ്ഞങ്ങാട് നഗരസഭ ഇത്തവണ തങ്ങള്‍ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശ വാദം. എന്നാല്‍ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് അവരും അവകാശപ്പെടുന്നു.

നീലേശ്വരത്ത് എല്‍.ഡി.എഫിന് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ ചില പഞ്ചായത്തുകളിലെങ്കിലും അട്ടിമറി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

8,32,894 പേര്‍ വോട്ട് രേഖപ്പെടുത്തി; ജില്ലയില്‍ 74.89 ശതമാനം

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 8,32,894 പേര്‍ വോട്ട് രേഖപ്പെടുത്തി. 74.89 ശതമാനമാണ് ജില്ലയിലെ പോളിംഗ്. ഇതില്‍ നേരിയ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ 11,12,190 വോട്ടര്‍മാരാണുള്ളത്. 3,75,959 പുരുഷ വോട്ടര്‍മാരും 5,88,156 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് സമ്മതിദായകാവകാശം വിനിയോഗിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കാണ് പോളിംഗില്‍ മുന്നിലെത്തിയത്. ഇവിടെ 80.36 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് ബ്ലോക്കില്‍ 75.81 ശതമാനവും പരപ്പയില്‍ 75.81 ശതമാനവും കാറഡുക്കയില്‍ 79.07 ശതമാനവും കാസര്‍കോട്ട് 71.78 ശതമാനവും മഞ്ചേശ്വരത്ത് 71.46 ശതമാനവും പോളിംഗുണ്ടായി. നഗരസഭയിലെ പോളിംഗിലും നീലേശ്വരമാണ് മുന്നില്‍. ഇവിടെ 78.36 ശതമാനം പോളിംഗുണ്ടായി. കാഞ്ഞങ്ങാട് നഗരസഭയില്‍ 74.95 ശതമാനവും കാസര്‍കോട് നഗരസഭയില്‍ 67.87 ശതമാനവും പോളിംഗാണ് ഉണ്ടായത്.

വോട്ടെണ്ണല്‍ രാവിലെ 8 മണിയോടെ; ജില്ലയില്‍ 9 കേന്ദ്രങ്ങള്‍

കാസര്‍കോട്: നാളെ രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 8.30യോടെ തന്നെ ആദ്യ ഫലങ്ങള്‍ പുറത്ത് വരും. കാസര്‍കോട് ഗവ. കോളേജിലെ രണ്ട് വോട്ടെണ്ണല്‍ കേന്ദ്രം ഉള്‍പ്പടെ ജില്ലയില്‍ 9 കേന്ദ്രങ്ങളിലായിരിക്കും വോട്ടെണ്ണുക. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ കേന്ദ്ര കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ്. കാറഡുക്ക ബ്ലോക്ക് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രം ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളും കാസര്‍കോട് ബ്ലോക്കിലെ വോട്ടെണ്ണല്‍ കേന്ദ്രം കാസര്‍കോട് ഗവ. കോളേജും കാഞ്ഞങ്ങാട് ബ്ലോക്കിലേത്ത് കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളും പരപ്പ ബ്ലോക്കിലേത്ത് പരപ്പ ഗവ. ഹൈസ്‌കൂളും നീലേശ്വരം ബ്ലോക്കിലേത് പടന്നക്കാട് നെഹ്‌റൂ കോളേജുമാണ്.

കാസര്‍കോട് നഗരസഭയുടെ വോട്ടെണ്ണല്‍ കേന്ദ്രം കാസര്‍കോട് ഗവ. കോളേജും കാഞ്ഞങ്ങാട് നഗരസഭിലേത് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും നീലേശ്വരം നഗരസഭയിലേത് നീലേശ്വരം രാജാസ് സ്‌കൂളുമാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it