നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം: ചര്‍ച്ച മുറുകുന്നു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആരാവണമെന്നതിനെക്കുറിച്ച് മുസ്ലിം ലീഗില്‍ ചര്‍ച്ചകള്‍ മുറുകുന്നു. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് 700ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച കെ.എം. ഹനീഫ്, ബെദിര വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. നിലവിലെ കൗണ്‍സിലില്‍ അംഗമെന്ന നിലയില്‍ ഹനീഫിന്റെ പേര് പലരും ഉയര്‍ത്തിക്കാട്ടുന്നു. അണങ്കൂര്‍ മേഖലയില്‍നിന്നുള്ള ഷാഹിന സലീം ചെയര്‍മാനായാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം തളങ്കര മേഖലക്ക് നല്‍കണമെന്ന ആവശ്യവും ഹനീഫിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്. തളങ്കര മേഖലയില്‍നിന്നാണ് മുസ്ലിം ലീഗിന്റെ പകുതിയോളം അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ നേരത്തെ നഗരസഭാ കൗണ്‍സിലറായിരുന്ന ഒരാളെന്ന നിലയിലും മുനിസിപ്പല്‍ കമ്മിറ്റിയുടെ സാരഥികളില്‍ ഒരാളെന്ന നിലയിലും ഹമീദ് ബെദിരയെ വൈസ് ചെയര്‍മാനാക്കണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. നഗരസഭയില്‍ ഇത്തവണ മുസ്ലിം ലീഗ് മികച്ച വിജയം നേടുന്നതില്‍ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ ഹമീദ് വഹിച്ച പങ്ക് പരിഗണിക്കണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു. തര്‍ക്കം രൂക്ഷമാവുകയാണെങ്കില്‍ കോണ്‍ഗ്രസ്, പൊതു സ്വതന്ത്ര, സി.പി.എം. അംഗങ്ങളുടെ പിന്തുണ ലഭ്യമാക്കാനാണ് ഈ വിഭാഗത്തിന്റെ നീക്കമെന്ന് വാര്‍ത്തകളുണ്ട്.
തളങ്കര ഖാസിലൈനില്‍ നിന്ന് വിജയിച്ച മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ നൈമുന്നിസയെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇത്തവണ കോണ്‍ഗ്രസിന് നഗരസഭയില്‍ രണ്ട് സീറ്റുകളുണ്ട്. ഇവരില്‍ ഒരാള്‍ക്ക് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം നല്‍കി തൃപ്തരാക്കാമെന്നാണ് മുസ്ലിം ലീഗ് കരുതുന്നതെങ്കിലും വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് മുസ്ലിം ലീഗ് അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാവുകയാണെങ്കില്‍ കോണ്‍ഗ്രസിന് പ്രസ്തുത സ്ഥാനം നല്‍കിയേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മുനിസിപ്പല്‍ മുസ്ലിം ലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് ആരെയാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കേണ്ടത്. 21 നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. കാസര്‍കോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം എന്ന നിലയില്‍ കെ.എം. ഹനീഫാണ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കേണ്ടത്. 22ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്റ് യോഗം ചേര്‍ന്നേക്കും. യോഗത്തില്‍ തീരുമാനിക്കുന്ന പേര് മുസ്ലിം ലീഗ് മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡിന് കൈമാറും.
ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് ആരാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്ന് പ്രഖ്യാപിക്കുക. 26ന് രാവിലെ ചെയര്‍പേഴ്‌സനെയും അന്ന് ഉച്ചക്ക് വൈസ് ചെയര്‍പേഴ്‌സനെയും തിരഞ്ഞെടുക്കും. ഷാഹിന സലീം ചെയര്‍പേഴ്‌സണാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞുവെങ്കിലും നൈമുന്നിസയുടെ പേരും ഒരു വിഭാഗം ഉയര്‍ത്തികൊണ്ട്‌വരുന്നുണ്ട്.
കെ.എം. ഹനീഫ്, ഹമീദ് ബെദിര

