ഷാഹിന സലീം കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണാവും

ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് നിര്‍ദ്ദേശം ഐകകണ്‌ഠ്യേന

കാസര്‍കോട്: കാസര്‍കോട് നഗരസഭയെ ഇനി അഞ്ച് വര്‍ഷം മുസ്ലിംലീഗ് അംഗം ഷാഹിന സലീം നയിക്കും. ഷാഹിനയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍ മുസ്ലിംലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ് ഷാഹിന. വനിതാ ലീഗ് ജില്ലാ സെക്രട്ടറിയാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ചെയര്‍പേഴ്‌സണ്‍ ആക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിംലീഗ് ഷാഹിനയെ കാസര്‍കോട്ട് ഇറക്കിയത്. തുരുത്തി വാര്‍ഡില്‍ നിന്നാണ് ഷാഹിന ഇത്തവണ ആദ്യമായി നഗരസഭയിലെത്തുന്നത്. മുസ്ലിംലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡിന്റെ നിര്‍ദ്ദേശം മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ് അംഗീകരിച്ചു. നാളെ ചേരുന്ന ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് ഷാഹിനയെ ചെയര്‍പേഴ്‌സണായി പ്രഖ്യാപിക്കും.

ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് 26ന് വെള്ളിയാഴ്ച്ച രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കും. 39 അംഗ നഗരസഭയില്‍ മുസ്ലിംലീഗിന് 22 അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമുണ്ട്. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിക്ക് 12 അംഗങ്ങളാണുള്ളത്. ഇതോടെ ഷാഹിന ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. മുന്‍ കൗണ്‍സിലര്‍ കൂടിയായ ശാരദ ബി.ജെ.പിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയാവും.

വൈസ് ചെയര്‍മാന്‍: പാര്‍ലമെന്ററി ബോര്‍ഡില്‍ കൂടുതല്‍ പേരുടെ പിന്തുണ കെ.എം. ഹനീഫിന്

കാസര്‍കോട്: കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ കൂടുതല്‍ പേരുടെ പിന്തുണ തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.എം. ഹനീഫിന്. ആറംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ 4 പേരും ഹനീഫിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. രണ്ട് പേര് ബെദിര വാര്‍ഡില്‍ നിന്ന് വിജയിച്ച ഹമീദ് ബെദിരയുടെ പേരും നിര്‍ദ്ദേശിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് മുസ്ലിംലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നത്. കൂടുതല്‍ പേരും ഹനീഫിന്റെ പേര് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് സാധ്യത വര്‍ധിച്ചു. തുടര്‍ന്ന് ചേര്‍ന്ന മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ് യോഗം, മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡിന് കൈമാറുകയായിരുന്നു. ഇന്ന് ചേരുന്ന ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍മാനെയും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it