കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ അബ്ദുല്ല കുഞ്ഞിയോ കര്‍ളയോ പ്രസിഡണ്ടാവും

ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന്റേത് മികച്ച മുന്നേറ്റം

കാസര്‍കോട്: ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഭരണം നിലനിര്‍ത്തുമെങ്കിലും ആറിടത്തും യു.ഡി.എഫിന് മികച്ച മുന്നേറ്റം നടത്താനായി. സീറ്റുകള്‍ വര്‍ധിപ്പിച്ച് മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ നിലനിര്‍ത്തുകയും മറ്റു നാല് ബ്ലോക്കുകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു.

കാഞ്ഞങ്ങാടും പരപ്പയും യു.ഡി.എഫിന് നഷ്ടമായത് ഒറ്റഡിവിഷനുകളുടെ കുറവിലാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിയപ്പോള്‍ ബി.ജെ.പി സീറ്റുകള്‍ ആറില്‍ നിന്ന് മൂന്നായി ചുരുങ്ങുകയും ചെയ്തു. കഴിഞ്ഞ തവണ ബി.ജെ.പിയും യു.ഡി.എഫും ആറ് സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. 16 ഡിവിഷനില്‍ യു.ഡി.എഫിന് 11 (ലീഗ് 7, കോണ്‍ഗ്രസ് 4), എന്‍.ഡി.എ-3, എല്‍.ഡി.എഫ്-2 എന്നിങ്ങനെയാണ് കക്ഷി നില. മുന്‍ ഭരണസമിതിയില്‍ ലീഗിന് ആറ് സീറ്റ് ഉണ്ടായിരുന്നത് ഇത്തവണ ഏഴ് ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് നേരത്തെ സീറ്റ് ഇല്ലായിരുന്നു. ഇത്തവണ നാല് സീറ്റ് ലഭിച്ചു. മുസ്ലിംലീഗിലെ സൈഫുല്ല തങ്ങള്‍, അസീസ് മരിക്കൈ എന്നിവരുടെ പേരുകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയരുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ധിച്ച മൂന്നെണ്ണം ഉള്‍പ്പെടെ 18 ഡിവിഷനുകളില്‍ 16 എണ്ണവും നേടിയാണ് ഭരണം നിലനിര്‍ത്തിയത്. രണ്ട് സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ എല്‍.ഡി.എഫിന് ഒന്നും നേടാനായില്ല. നേരത്തെ 15 ഡിവിഷനുകളില്‍ 11 എണ്ണം യു.ഡി.എഫിനും നാല് എണ്ണം ബി.ജെ.പിക്കുമായിരുന്നു. കഴിഞ്ഞ തവണ മുസ്ലിംലീഗിന് എട്ടും കോണ്‍ഗ്രസിന് മൂന്നും ബി.ജെ.പിക്ക് നാലും സീറ്റുകളുമായിരുന്നു. ഇത്തവണ മുസ്ലിംലീഗ്-11, കോണ്‍ഗ്രസ്-5, ബി.ജെ.പി-2. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച അബ്ദുല്ല കുഞ്ഞി ചെര്‍ക്കള പ്രസിഡണ്ടാവുമെന്നാണ് സൂചന. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കൂടിയാണ് അബ്ദുല്ല കുഞ്ഞി. കുമ്പള റെയില്‍വെ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച അഷ്‌റഫ് കര്‍ളയുടെ പേരും ഉയരുന്നുണ്ട്. കര്‍ള നിലവില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്. കാറഡുക്ക ബ്ലോക്ക് ഇത്തവണയും എല്‍.ഡി.എഫ് നിലനിര്‍ത്തി. 14 സീറ്റുകളില്‍ ഒമ്പത് സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫ്-3, ബി.ജെ.പി- 2 എന്നിങ്ങനെയാണ് ബാക്കി കക്ഷിനില. പരപ്പ ബ്ലോക്കും എല്‍.ഡി.എഫിനാണ്. 15ല്‍ എട്ട് ഡിവിഷനാണ് ഇടതിന് ലഭിച്ചത്. സി.പി.എമ്മിന്റെ ഉറച്ച സീറ്റായിരുന്ന പരപ്പ ഡിവിഷന്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത് എല്‍.ഡി.എഫിന് തിരിച്ചടിയായി. നീലേശ്വരം ബ്ലോക്കില്‍ 14 ഡിവിഷനുകളില്‍ എട്ട് ഡിവിഷനുകള്‍ നേടി എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍ ആറു ഡിവിഷനില്‍ ജയിച്ച് യു.ഡി.എഫ് മുന്നേറ്റം നടത്തി. ഒരു ഡിവിഷന്റെ പിന്‍ബലത്തിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എല്‍.ഡി.എഫിന് നിലനിര്‍ത്താനായത്. 15 ഡിവിഷനില്‍ എട്ടെണ്ണം നേടി. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. യു.ഡി.എഫ് ഏഴ് സീറ്റുകളില്‍ വിജയിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it