വൈകിട്ട് 6 മണി വരെ ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാവും-കലക്ടര്‍, എസ്.പി

ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയും പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു
കാസര്‍കോട്:'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ വൈകിട്ട് 6 മണിവരെ ക്യൂവിലുള്ള മുഴുവന്‍ ആളുകള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി എന്നിവര്‍ ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ആരൊക്കെ ക്യൂവില്‍ നില്‍ക്കുന്നുണ്ടോ അവര്‍ക്കൊക്കെ ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. 6 മണിയോടെ ഗേറ്റ് അടക്കും. അതിന് ശേഷം വരുന്നവരെ ക്യൂവില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. പല ബൂത്തുകളിലും 6 മണിക്ക് മുമ്പായി പോളിംഗ് അവസാനിക്കാനുള്ള സാധ്യത കുറവായതിനാല്‍ എല്ലാ ബൂത്തുകളിലും വെളിച്ചത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ മൊത്തം 6584 പോളിംഗ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.
സ്ത്രീകള്‍ മാത്രമുള്ള 179 പോളിംഗ് സ്റ്റേഷനുകളും ഉണ്ടാവും. 119 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഉണ്ടാവും. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചതായി ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.

