എട്ട് പേര്‍ റിമാണ്ടില്‍; ആന്ധ്രയിലെ പ്രമുഖനായ 'ബോസി'നെ തിരയുന്നു

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ പുറത്ത് വന്നത് നിരോധിത നോട്ടുകളുടെ വന്‍ ഇടപാട്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ നിരോധിത നോട്ടുകളുടെ വന്‍ ഇടപാട് തെളിയുന്നു. സംഭവത്തില്‍ പിടിയിലായ നാല് ആന്ധ്രപ്രദേശ് സ്വദേശികളെയടക്കം കാസര്‍കോട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിരോധിച്ച 2000 രൂപ നോട്ടിടപാട് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ കാസര്‍കോട് പൊലീസ് രണ്ട് കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ആന്ധ്രപ്രദേശ് ചെന്നറെഡ്ഡിപ്പള്ളിയിലെ സിദ്ധാനാ ഓംകാര്‍(25), ഗംഗനപ്പള്ളിയിലെ മാരുതിപ്രസാദ് റെഡ്ഡി(33), കഡപ്പ സ്വദേശികളായ എ. ശ്രീനാഥ്(26), പൃഥ്വിരാജ് റെഡ്ഡി(31), ഹനീഫ(36), പാലക്കുന്ന് കോട്ടപ്പാറയിലെ എം.ഷെരീഫ്(44), ചെര്‍ക്കള ബേവിഞ്ചയിലെ ബി. നൂറുദ്ദീന്‍(42), ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ. വിജയന്‍(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കാസര്‍കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, നിരോധിത നോട്ടിടപാട് തുടങ്ങിയ സംഭവങ്ങളിലാണ് കേസെടുത്തിട്ടുള്ളത്.

കാസര്‍കോട് സ്വദേശികളുടെ കൈയിലെ നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ വാങ്ങാന്‍ ആന്ധ്രയില്‍ നിന്നുള്ള സംഘമെത്തിയത് മുതലുള്ള പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെത്തിയ ആന്ധ്ര സ്വദേശി സിദ്ധാനാ ഓംകാര്‍ ഈ മാസം 16നാണ് ഷെരീഫിന്റെ പക്കലുള്ള നോട്ട് വാങ്ങാന്‍ എത്തിയത്. നോട്ട് വ്യാജമാണെന്ന് മനസ്സിലാക്കിയതോടെ ഓംകാര്‍ പിന്തിരിയുകയും ഇതറിഞ്ഞ ഷെരീഫും സംഘവും ഓംകാറിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതായുമാണ് വിവരം. സംഘത്തിലെ മറ്റുള്ളവരെ വിളിച്ച് ഓംകാറിനെ വിട്ടുകിട്ടാന്‍ ഏഴരലക്ഷം രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 7.5 ലക്ഷം രൂപ രണ്ട് തവണകളായി ഷെരീഫിന്റെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയച്ചു നല്‍കിയതോടെയാണ് ഓംകാറിനെ വിട്ടത്.

പണം തിരിച്ചു പിടിക്കാനായാണ് ഷെരീഫിന്റെ സംഘത്തിലുണ്ടായിരുന്ന ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആന്ധ്ര സ്വദേശികള്‍ നല്‍കിയ മൊഴി. ബുധനാഴ്ച ഉച്ചയോടെയാണ് മേല്‍പ്പറമ്പിലെ ഹനീഫയെ ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള കാറില്‍ കാസര്‍കോട് നഗരപരിധിയിലെ ഹോട്ടലിന് മുന്നില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. പിടിയിലായ ആന്ധ്രാപ്രദേശുകാരുടെ മൊഴിയില്‍ ഒരു ബോസിനെക്കുറിച്ച് പറയുന്നുണ്ട്. ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹമെന്നാണ് പൊലീസിന് ലഭിച്ച സൂചന. 2000 രൂപയുടെ പഴയ നോട്ടുകള്‍ മാറുന്നതിനായി റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥരുമായി അടുത്ത സൗഹൃദമുള്ള ആളാണ് 'ബോസ്' എന്നാണ് വിവരം. ഇദ്ദേഹത്തിന് നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ പഴയ നോട്ടുകള്‍ വാങ്ങാന്‍ കാസര്‍കോട്ട് എത്തിയതെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, എ.എസ്.പി ഡോ. എം. നന്ദഗോപന്‍, സി.ഐ പി. നളിനാക്ഷന്‍, എസ്.ഐ എം. നിഖില്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനായി ആന്ധ്രാസംഘം ഹനീഫിനെ തട്ടിക്കൊണ്ട് പോയത് ദിവസങ്ങളോളം നിരീക്ഷിച്ച്

കാസര്‍കോട്: ഹനീഫിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ള കാര്‍ 14 മുതലെ കാസര്‍കോട്ട് എത്തിയതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ദേശീയപാതയില്‍ സ്ഥാപിച്ച ക്യാമറയില്‍ മൂന്നുദിവസം രാവിലെയും ഒരുദിവസം ഉച്ചയോടെയും തലപ്പാടി അതിര്‍ത്തി കടന്നുവരുന്നത് വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ കാസര്‍കോട് സ്വദേശികളായ ഷെരീഫിനും നൂറുദ്ദീനുമെതിരെ നേരത്തെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹനീഫിനെ കാസര്‍കോട്ട് നിന്ന് തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ് പൊലീസ് നടത്തിയ സിനിമാ സ്റ്റൈല്‍ അന്വേഷണത്തിലാണ് സംഘത്തെ പിടിക്കാനായത്. മംഗളൂരു പമ്പ്വെല്‍ ടൗണില്‍ നിന്ന് ബംഗളൂരു പാതയിലേക്കാണ് കാര്‍ പോയത്. തുംകൂരു വഴി ആന്ധ്രയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളിലെ പൊലീസ് ഓരോ പ്രദേശത്തും വാഹനത്തെ കാത്തിരുന്നു. സകലേശ്പുരയിലെത്തിയപ്പോള്‍ റോഡില്‍ വാഹനം തടഞ്ഞാണ് കാര്‍ പിടിച്ചത്. നിരോധിത നോട്ട് മാറ്റുന്നതിന് നിശ്ചിത തുകയില്‍ ഡീല്‍ ഉറപ്പിച്ചാണ് ആന്ധ്രാസംഘത്തെ കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തിയതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ആന്ധ്രാ സംഘത്തിന് നഷ്ടപ്പെട്ട ഏഴര ലക്ഷം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കാസര്‍കോട് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ലക്ഷ്യമെന്നാണ് വിവരം.


പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it