ഭാഗ്യം തുണച്ചത് എല്‍.ഡി.എഫിനെ; പുല്ലൂര്‍-പെരിയയില്‍ സി.കെ. സബിത പ്രസിഡണ്ട്

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എഎമ്മിലെ ഡോ. സി.കെ സബിതയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇതോടെ പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. ഇരുമുന്നണികള്‍ക്കും തുല്യ അംഗങ്ങള്‍ ഉള്ളതിനാല്‍ വോട്ടെടുപ്പില്‍ ഇരുവര്‍ക്കും തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

കോണ്‍ഗ്രസിലെ ഉഷ എന്‍. നായരാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. സബിതക്കും ഉഷക്കും ഒമ്പത് വീതം വോട്ടുകളാണ് ലഭിച്ചത്. എന്‍.ഡി.എ അംഗം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. നിലവില്‍ പഞ്ചായത്ത് അംഗമായ സി. കെ സബിത സി.പി.എം അമ്പലത്തറ ലോക്കല്‍ സെക്രട്ടറിയാണ്. അമ്പലത്തറ വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. സി.കെ സബിതയെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി രമേശന്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ നിഷാന്ത്, ഏരിയ സെക്രട്ടറി കെ. രാജ്‌മോഹന്‍ എന്നിവര്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ശനിയാഴ്ച യു.ഡി.എഫ്., എന്‍.ഡി.എ. അംഗങ്ങള്‍ പങ്കെടുക്കാത്തതിനാല്‍ ക്വാറം തികയാത്തത് കാട്ടി വോട്ടെടുപ്പ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it