സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തില്‍; നാട്ടുപോരിന് കളമൊരുങ്ങി, പോരാട്ടം കടുത്തതാവും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനിയുള്ള ഒരുമാസക്കാലം നാട്ടിന്‍പുറങ്ങളില്‍ ചര്‍ച്ച രാഷ്ട്രീയം മാത്രമാകും. പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും വാക്‌പോരുകളുടെയും ഉത്സവമേളമായിരിക്കും ഇനി. നിലവിലുള്ള വാര്‍ഡുകളും പഞ്ചായത്തുകളും നിലനിര്‍ത്താനും കൂടുതല്‍ പിടിച്ചെടുക്കാനുമുള്ള തത്രപാടിലും തന്ത്രങ്ങളിലുമായിരിക്കും ഇനി മുന്നണികള്‍. ജില്ലയില്‍ നിലവില്‍ 19 പഞ്ചായത്തുകള്‍ ഇടതുമുന്നണിയും 15 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എന്‍.ഡി.എയുമാണ് ഭരിക്കുന്നത്.

മഞ്ചേശ്വരം പഞ്ചായത്തില്‍ സ്വതന്ത്രയാണ് പ്രസിഡണ്ട്. അവര്‍ക്ക് എല്‍.ഡി.എഫിന്റെയും സ്വതന്ത്രരുടെയും പിന്തുണയുണ്ട്. 2015 മുതല്‍ 20 വരെയുള്ള കാലയളവെടുത്താല്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 19 ഇടത്ത് യു.ഡി.എഫും 15 ഇടത്ത് ഇടതുമായിരുന്നു അന്ന്. നാലിടത്താണ് എന്‍.ഡി.എ ഭരിച്ചിരുന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ നാലുതവണ ഇടതും വലതും മാറിമാറി വന്നു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രന്റെ പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കുകയായിരുന്നു. എല്ലായ്‌പ്പോഴും ഒപ്പത്തിനൊപ്പമുള്ള ജില്ലാ പഞ്ചായത്തിന്റെ കാര്യം ഇത്തവണയും പ്രവചനാതീതമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. എന്നാല്‍ നഗരസഭകളില്‍ ഇടതും വലതും മാറിമാറി മുന്നിലും പിറകിലുമാകുന്നു. കാസര്‍കോട്ട് യു.ഡി.എഫിനും നീലേശ്വരം എല്‍.ഡി.എഫിനും ഉറപ്പുള്ള നഗരസഭയാണ്. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭയുടെ കാര്യം പ്രവചനാതീതമാണ്. ഇവിടെ കനത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

വിവിധ പഞ്ചായത്തുകളില്‍ എന്‍.ഡി.എക്ക് ശക്തമായ വേരോട്ടമുണ്ട്. നിലവില്‍ ഭരണമുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ പഞ്ചായത്തുകളില്‍ സ്വാധീനം ചെലുത്താനുള്ള തയ്യാറെടുപ്പിലും പ്രവര്‍ത്തനങ്ങളിലുമാണ് ബി.ജെ.പി. 2015ലേതിനേക്കാള്‍ 2020ല്‍ നാല് പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന് അധികമാണെങ്കിലും വോട്ടുശതമാനത്തിന്റെ കാര്യത്തില്‍ ഇടതിന് വലിയ ഭൂരിപക്ഷമൊന്നും പറയാനാകില്ല. 16 ഗ്രാമപ്പഞ്ചായത്തുകളിലാണ് ബലാബലപോര്.

ഇതാദ്യമായി രണ്ട് പഞ്ചായത്തുകള്‍ തുടര്‍ച്ചയായി രണ്ടാംതവണയും സ്ത്രീസംവരണമായതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്. അജാനൂരും ചെമ്മനാടുമാണ് ഈ പഞ്ചായത്തുകള്‍. ചെമ്മനാട് യു.ഡി.എഫും അജാനൂര്‍ എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്. ബേഡഡുക്ക, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, പിലിക്കോട്, പനത്തടി പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനും ബളാല്‍, എന്‍മകജെ, കള്ളാര്‍, ഈസ്റ്റ് എളേരി, കുംബഡാജെ, തൃക്കരിപ്പൂര്‍, ചെമ്മനാട്, ചെങ്കള, കുമ്പള, മംഗല്‍പ്പാടി, മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനും ബെള്ളൂര്‍, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകള്‍ എന്‍.ഡി.എക്കും മുന്‍ത്തൂക്കമുള്ളതാണ്. ദേലംപാടി, കുറ്റിക്കോല്‍, മീഞ്ച, പൈവളിഗെ, പുത്തിഗെ, പള്ളിക്കര, ഉദുമ, വലിയപറമ്പ്, വൊര്‍ക്കാടി, മുളിയാര്‍, അജാനൂര്‍ എന്നീ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഭരണം. പലയിടങ്ങളിലും നേരിയ വ്യത്യാസത്തിലാണ് മുന്നണികള്‍ ഭരിക്കുന്നത്. മുളിയാറില്‍ നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്. പടന്നയിലും പുല്ലൂര്‍-പെരിയയിലും ബദിയടുക്കയിലും വെസ്റ്റ് എളേരിയിലും യു.ഡി.എഫ് ഭരിക്കുന്നത് നേരിയ ഭൂരിപക്ഷത്തിലാണ്. മഞ്ചേശ്വരത്താകട്ടെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ സ്വതന്ത്ര അംഗം പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയായിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it