നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍: മുസ്ലിംലീഗ് പട്ടികയായി

കാസര്‍കോട്: മുസ്ലിംലീഗ് മുനിസിപ്പല്‍ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ടവരെ തീരുമാനിച്ചു. തായലങ്ങാടി വാര്‍ഡില്‍ നിന്ന് വിജയിച്ച സമീന മുജീബിനെ വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കും. ബെദിര വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് ബെദിരയെ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്കും മെഹ്‌റുന്നിസ ഹമീദിനെ ആരോഗ്യ സമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും മത്സരിപ്പിക്കും. പൊതുമരാമത്ത് വിഭാഗം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രണ്ടുപേര്‍ക്കായി വീതിച്ചുനല്‍കാനാണ് തീരുമാനം. ആദ്യം ഫോര്‍ട്ട് റോഡ് വാര്‍ഡ് പിടിച്ചെടുത്ത ജാഫര്‍ കമാലിനെ മത്സരിപ്പിക്കും. രണ്ട് വര്‍ഷത്തിന് ശേഷം ഈ സ്ഥാനത്തേക്ക് അടുക്കത്ത്ബയലില്‍ നിന്നുള്ള ഫിറോസ് അടുക്കത്ത്ബയലിനെ മത്സരിപ്പിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് യോഗമാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കേണ്ടവരെ തീരുമാനിച്ചത്. ഈ ലിസ്റ്റ് മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡിന് അയച്ചുവെങ്കിലും ജില്ലാ ഭാരവാഹികള്‍, എം.എല്‍.എ എന്നിവരുമായി കൂടിയാലോചന നടത്തി പ്രഖ്യാപിക്കാനായി മുസ്ലിംലീഗ് മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ് മുനിസിപ്പല്‍ പാര്‍ലിമെന്ററി ബോര്‍ഡിന് തിരിച്ചയക്കുകയായിരുന്നു. മുസ്ലിംലീഗിന് നഗരസഭയില്‍ മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ലീഗ് അംഗങ്ങളുടെ വിജയം ഏതാണ്ട് ഉറപ്പാണ്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കി.
നാളെ രാവിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കും. ചെയര്‍മാര്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ ഒഴിച്ചുള്ള ബാക്കി 37 പേരില്‍ നിന്നാണ് ഓരോ സമിതിയിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വികസന സമിതിയിലേക്ക് 7 പേരെയും മറ്റുള്ളവയിലേക്ക് ആറുപേരെയുമാണ് തിരഞ്ഞെടുക്കുക. ഇവരില്‍ നിന്ന് പിന്നീട് ചെയര്‍മാന്‍മാരെ തിരഞ്ഞെടുക്കും.

