17കാരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ സഹോദരിക്കെതിരെ കേസെടുത്ത സംഭവം; വിദ്യാനഗര്‍ എസ്.ഐയെ സ്ഥലംമാറ്റി

വിദ്യാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ യുവതിയുടെ പേരില്‍ കേസെടുത്ത എസ്.ഐയെ സ്ഥലംമാറ്റി. വിദ്യാനഗര്‍ എസ്.ഐ എസ്. അനുരൂപിനെയാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് കാസര്‍കോട് സൈബര്‍ സെല്ലിലേക്ക് മാറ്റിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി വൈ.ബി വിജയ ഭരത് റെഡ്ഡി നടപടി സ്വീകരിച്ചത്. കൊല്ലം സ്വദേശിയായ അനുരൂപ് ഒരുമാസം മുമ്പാണ് ഫറോക്കില്‍ നിന്ന് വിദ്യാനഗര്‍ സ്റ്റേഷനിലെത്തിയത്. ഈ മാസം ഏഴിന് ചെര്‍ക്കള ടൗണില്‍ വെച്ചാണ് വിവാദ സംഭവമുണ്ടായത്. മേനങ്കോട്ടെ 19കാരി മാജിദക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസ് നടപടി. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ സഹോദരന്‍ സ്‌കൂട്ടര്‍ ഓടിച്ചിട്ടില്ലെന്നും മാജിദയാണ് ഓടിച്ചതെന്നും വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് മാജിദ ജില്ലാ പൊലീസ് മേധാവിക്ക് സി.സി.ടി.വി ദൃശ്യം സഹിതം അടക്കം പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ നടപടി ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചെര്‍ക്കള ടൗണില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മാജിദയും സഹോദരനും നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തുടര്‍ന്ന് സഹോദരന്‍ മാത്രം വന്ന് സ്‌കൂട്ടറിനടുത്ത് നില്‍ക്കുമ്പോഴാണ് അതുവഴി വന്ന പൊലീസ് വാഹനം നിര്‍ത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് ഉടമയായ മാജിദക്കെതിരെ കസെടുത്തത്. വണ്ടിയോടിച്ചത് താനാണെന്ന് മാജിദ ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്.ഐ അംഗീകരിച്ചില്ല. മാജിദ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും നടപടിയുമുണ്ടായത്.

