പൊലീസുകാരുടെ ഒഴിവുകളും സ്റ്റേഷനുകളുടെ വിഭജനവും; സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നിലെത്തിയത് വിവിധ ആവശ്യങ്ങള്‍

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായി കാസര്‍കോട്ട് എത്തിയ റവാഡ എ. ചന്ദ്രശേഖര്‍ക്ക് മുന്നിലെത്തിയത് ജില്ലയിലെ വിവിധ ആവശ്യങ്ങള്‍. പൊലീസ് വാഹനങ്ങളുടെ എണ്ണക്കുറവും എസ്.ഐമാര്‍ ഉള്‍പ്പെടെ പൊലീസ് സേനയിലെ ഒഴിവുകളും പൊലീസ് സ്റ്റേഷനുകള്‍ വിഭജിക്കുന്നതും അടക്കമുള്ള പരാതികളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തില്‍ ഉയര്‍ന്നത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡിയാണ് ജില്ലയിലെ ആവശ്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയ സംസ്ഥാന പൊലീസ് മേധാവിയെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഐ.ജി രാജ്പാല്‍ മീണ, ഡി.ഐ.ജി യതീഷ് ചന്ദ്ര എന്നിവര്‍ പങ്കെടുത്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐമാര്‍ അടക്കമുള്ളവരുടെ ഒഴിവുകള്‍ നികത്തണമെന്നായിരുന്നു ജില്ലാ പൊലീസ് ഉന്നയിച്ച പ്രധാന ആവശ്യം. വിവിധ സ്റ്റേഷനുകളില്‍ എസ്.ഐമാരുടെയും എ.എസ്.ഐമാരുടെയും ഏറെ ഒഴിവുകളാണ് ഉള്ളത്. അതേസമയം മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ബായിക്കട്ട ആസ്ഥാനമായി പൈവളിഗെ പൊലീസ് സ്റ്റേഷന്‍ തുടങ്ങുന്ന കാര്യവും ചര്‍ച്ചയായി. ബായിക്കട്ടയില്‍ 50 സെന്റ് സ്ഥലം റവന്യു വകുപ്പ് പൊലീസിന് കൈമാറിയിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ജില്ലയില്‍ നിലവില്‍ 1500 പൊലീസുകാരാണുള്ളത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ജനസംഖ്യാ ആനുപാതത്തിലാണ്. സേനയിലെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടാവണമെന്നും കാലപഴക്കം ചെന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

അപകടാവസ്ഥയിലുള്ള കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയണമെന്നും നീലേശ്വരം പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it