ചെമ്മനാട് പഞ്ചായത്തില്‍ യു.ഡി.എഫിന്റേത് തിളക്കമാര്‍ന്ന ജയം; ആയിഷ അബൂബക്കര്‍ പ്രസിഡണ്ടാകുമെന്ന് സൂചന

കാസര്‍കോട്: അഞ്ചുസീറ്റുകള്‍ അധികം പിടിച്ചെടുത്ത് ചെമ്മനാട് പഞ്ചായത്തില്‍ യു.ഡി.എഫ് നേടിയത് മിന്നും ജയം. ഭരണത്തുടര്‍ച്ച ലഭിച്ച പഞ്ചായത്തില്‍ പ്രസിഡണ്ട് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മേല്‍പ്പറമ്പ് വാര്‍ഡില്‍ നിന്ന് വിജയിച്ച മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ആയിഷ അബൂബക്കര്‍ പ്രസിഡണ്ടാകുമെന്നാണ് സൂചന. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ കാടങ്കോടിന്റെ ഭാര്യയാണ്. 24 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ മുസ്ലിംലീഗ് 11ഉം കോണ്‍ഗ്രസ് എട്ടും സീറ്റുകള്‍ നേടി. നിലവിലുള്ള ഭരണസമിതിയില്‍ മുസ്ലിംലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് അഞ്ചും സീറ്റുകളാണ് ഉണ്ടായിരുന്നത്. മുസ്ലിംലീഗിന് നല്‍കിയിരുന്ന അഞ്ചാം വാര്‍ഡായ പെരുമ്പളയില്‍ യു.ഡി.എഫ് സ്വതന്ത്രയെ മത്സരിപ്പിച്ച് അട്ടിമറി ജയം നേടിയത് എല്‍.ഡി.എഫിന് തിരിച്ചടിയായി. സി.പി.ഐയുടെ കുത്തക സീറ്റായ ഇവിടെ മായാ കരുണാകരനെ 164 വോട്ടിന് തോല്‍പ്പിച്ചാണ് മുന്‍ സി.പി.എമ്മുകാരിയായ രമാ മുരളീധരന്‍ മിന്നും ജയം നേടിയത്. രമാ മുരളീധരന്‍ 803 വോട്ടും മായാ കരുണാകരന്‍ 639 വോട്ടും ബി.ജെ.പിയിലെ എം. ജയന്തി 91 വോട്ടും നേടി. ഐ.എന്‍.എല്ലിന്റെ കുത്തക സീറ്റായ 16-ാം വാര്‍ഡായ കളനാടും യു.ഡി.എഫ് പിടിച്ചെടുത്തു.
മുസ്ലിംലീഗിലെ ഷരീഫ് കളനാടാണ് 66 വോട്ടിന് ജയിച്ചത്. സി.പി.എമ്മിനുണ്ടായിരുന്ന മൂന്നു സീറ്റ് രണ്ടായി ചുരുങ്ങി. കോളിയടുക്കവും അരമങ്ങാനവും നഷ്ടപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ കുത്തക വാര്‍ഡായ കൊക്കാല്‍ പിടിച്ചെടുക്കാനായി. ബി.ജെ.പിയിലെ കെ. സുധീഷിനെ ചന്ദ്രന്‍ കൊക്കാലാണ് ഇവിടെ 53 വോട്ടിന് പരാജയപ്പെടുത്തിയത്. സി.പി.ഐക്ക് തട്ടകമായ പെരുമ്പള നഷ്ടപ്പെട്ട് ഒരു സീറ്റ് മാത്രമായി. നാലാം വാര്‍ഡായ തലക്ലായിയാണ് നിലനിര്‍ത്തിയത്.

