ഇനി രണ്ടുനാള്‍; 7 ജില്ലകളില്‍ തിരഞ്ഞെടുപ്പും കാസര്‍കോട്ടടക്കം കൊട്ടിക്കലാശവും നാളെ

അവസാനഘട്ട പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും

കാസര്‍കോട്: തെക്കന്‍ കേരളത്തിലെ 7 ജില്ലകള്‍ നാളെ വിധിയെഴുതുമ്പോള്‍ കാസര്‍കോട്ട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ നാളെ കലാശക്കൊട്ടിന്റെ ആവേശം അലത്തല്ലും. വടക്കന്‍ ജില്ലകളില്‍ 11നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലാണെങ്കിലും രണ്ട് ഭാഗങ്ങളിലെയും വോട്ടെണ്ണല്‍ 13നാണ്. പ്രചരണാവേശം അവസാനഘട്ടത്തിലേക്ക് കടന്നതോടെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. നാളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. വിവിധ മുന്നണികള്‍ക്കായി വെവ്വേറെ സ്ഥലമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചിട്ടുള്ളത്. പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടികളുടെ റോഡ് ഷോ അടക്കം നടന്നുവരികയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പാട്ട് വണ്ടികളും പ്രയാണം നടത്തുന്നുണ്ട്. ശക്തമായ മത്സരം വിളിച്ചോതുന്ന ഇടങ്ങളിലെല്ലാം പ്രചരണ പ്രവര്‍ത്തനങ്ങളിലും ആവേശം നിറഞ്ഞുകാണാം. വിവിധ വാര്‍ഡുകളില്‍ ശക്തമായ ത്രികോണ മത്സരവും ചതുര്‍കോണ മത്സരങ്ങളുമെല്ലാം പ്രതിഫിലിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും.

അതേസമയം ചില വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പിന്റെ ആവേശം തെല്ലുമില്ല. ചില പാര്‍ട്ടികള്‍ നൂറ് ശതമാനവും വിജയം ഉറപ്പിച്ച വാര്‍ഡുകളില്‍ പേരിന് മാത്രം എതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതല്ലാതെ ഇവിടെ അവരുടെ പ്രചരണങ്ങളൊന്നും നടക്കുന്നില്ല.

സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ പോലും പതിക്കാത്ത വാര്‍ഡുകള്‍ ഉണ്ടെന്നതാണ് കൗതുകം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it