ഇരുമുടിക്കെട്ടുമായി അമിതാഭ് ബച്ചന്‍ കണ്‍മുന്നില്‍; ജയപ്രകാശിന്റെ ക്യാമറക്ക് വിരുന്നായി

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

കാസര്‍കോട്: 40 വര്‍ഷം പിന്നിട്ടിട്ടും അമിതാഭ് ബച്ചനെ ശബരിമലയില്‍ വെച്ച് നേരിട്ട് കാണുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തതിന്റെ ആശ്ചര്യം കാസര്‍കോട്ടെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് എന്ന പ്രകാശിന്റെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ ആ ചിത്രങ്ങള്‍ എടുത്ത് നോക്കി ജയപ്രകാശ് പറഞ്ഞു: '50 വര്‍ഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിനിടയില്‍ പകര്‍ത്താന്‍ കഴിഞ്ഞ അപൂര്‍വ ഫോട്ടോകളിലൊന്നാണിത്. അതുകൊണ്ട് തന്നെ നിധിപോലെയാണ് ഇപ്പോഴും സൂക്ഷിക്കുന്നത്'. 1984 ജനുവരി 9. ജയപ്രകാശും കൂട്ടുകാരും ശബരിമല ദര്‍ശനത്തിന് പോയതായിരുന്നു. അന്ന് പ്രായം 17. ക്യാമറ എപ്പോഴും കഴുത്തില്‍ തൂക്കി നടക്കും. ദര്‍ശനം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിലാണ് ഒരാള്‍ വന്ന് പറയുന്നത്. 'ക്യാമറയും തൂക്കി ഇവിടെ ഇരിക്കുകയാണോ? മേലെ അമിതാഭ് ബച്ചന്‍ വന്നിട്ടുണ്ട്'.

അന്ന് മൊബൈല്‍ ഫോണുകളോ ഫോണ്‍ ക്യാമറകളോ ഇല്ല. സ്റ്റില്‍ ക്യാമറകള്‍ തന്നെ അപൂര്‍വ്വം. ജയപ്രകാശ് ക്യാമറയുമെടുത്ത് ഓടി. ബച്ചന്‍ ഇരുമുടി കെട്ടുമായി നടന്നു കയറുന്ന ഫോട്ടോയാണ് ആദ്യമെടുത്തത്. പിന്നീട് ക്ഷീണിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയും കിട്ടി. പത്രസ്ഥാപനങ്ങളില്‍നിന്നടക്കം പലരും ജയപ്രകാശിനെ തേടി വന്നു. ജനുവരി 12ന് ഉദയവാണി പത്രത്തില്‍ ഒന്നാം പേജിലും അകം പേജിലും അമിതാഭ് ബച്ചന്റെ ശബരിമല യാത്ര ഫോട്ടോ സഹിതം അച്ചടിച്ചു വന്നു.

1975 ലാണ് ജയപ്രകാശ് ഫോട്ടോഗ്രാഫി രംഗത്തേക്ക് കടന്നുവന്നത്. 50 വര്‍ഷം തികഞ്ഞു. കാസര്‍കോട്ടെ ആദ്യകാല സ്റ്റുഡിയോകളിലൊന്നായ, പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ സുന്ദര്‍ റാവുവിന്റെ മകനാണ്. അച്ഛനില്‍ നിന്നാണ് ഫോട്ടോഗ്രാഫി പഠിച്ചത്. സ്റ്റുഡിയോയില്‍ സ്റ്റാഫ് ആയിരുന്ന പ്രഭാകരനും ഫോട്ടോഗ്രാഫറുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്തു. കാസര്‍കോടിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ജയപ്രകാശ് പകര്‍ത്തി വെച്ചിട്ടുണ്ട്. അവയെല്ലാം ഭദ്രമായി സൂക്ഷിക്കുന്നുമുണ്ട്. തന്റെ ശേഖരത്തിലെ നല്ല ചിത്രങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാല്‍ ജയപ്രകാശ് ആദ്യം എടുത്ത് കാണിക്കുന്ന ഒരു ചിത്രം സ്റ്റുഡിയോക്ക് നേര്‍ മുമ്പിലുള്ള മുബാറക് മസ്ജിദിന്റെ പഴയ ഫോട്ടോയാണ്. സ്റ്റുഡിയോയില്‍ നില്‍ക്കുമ്പോള്‍ എന്നും മുന്നില്‍ കാണുന്ന പള്ളിയുടെ പലകാല ഫോട്ടോകള്‍ ജയപ്രകാശ് തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.


അമിതാഭ് ബച്ചന്‍ സന്നിധാനത്ത്, കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്തെ മുബാറക് മസ്ജിദിന്റെ 1980കളിലെ ചിത്രം


ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് കെ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it