നഗരസഭാ ചെയര്‍മാന്‍ വാക്കുപാലിച്ചു; ജനറല്‍ ആസ്പത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങി

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ജനറേറ്ററിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കുന്നു
കാസര്‍കോട്: തെക്കില്‍ ടാറ്റ ആസ്പത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെ.വി.എ ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജനറേറ്റര്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയത്. പ്രത്യേക ഫൗണ്ടേഷന്‍ ഒരുക്കിയാണ് ഇത് സ്ഥാപിച്ചത്. പ്രവര്‍ത്തനോദ്‌ഘോടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ആസ്പത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുഗു സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, ആസ്പത്രി വികസനസമിതി അംഗം ഭാസ്‌ക്കരന്‍, ജവാദ് പുത്തൂര്‍, നഴ്‌സിംഗ് സൂപ്രണ്ട് ലത, പി.ആര്‍.ഒ സല്‍മ, ബാല സുബ്രഹ്മണ്യം, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈദ്യുതി മുടങ്ങിയാല്‍ സി.ടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആസ്പത്രിയില്‍ ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ ടാറ്റാ ആസ്പത്രിയില്‍ നിന്ന് കൊണ്ടുവരുന്നതിന് 8 മാസം മുമ്പ് കലക്ടര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കൊണ്ടുവരുന്നതിനുള്ള ചെലവ് 10 ലക്ഷത്തോളം രൂപ അനുവദിക്കാത്തത് തടസ്സമായി. ഇതിനെ തുടര്‍ന്ന് ആവശ്യമായ തുക നഗരസഭ അനുവദിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം വാക്കു നല്‍കുകയായിരുന്നു. നഗരസഭ ഈ തുക പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതോടെ ക്രെയിന്‍ മുഖേന ജനറേറ്റര്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ ഒരുക്കുന്നതിന് 75,000 രൂപ ആസ്പത്രി വികസനസമിതിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചു. ഇത് കമ്മിഷന്‍ ചെയ്തതോടെ ജനറേറ്ററിന് വേണ്ടിയുള്ള മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുകയായിരുന്നു.