'ഭരണനേട്ടം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു'; അബ്ബാസ് ബീഗം പടിയിറങ്ങുന്നത് അഭിമാനത്തോടെ

കാസര്‍കോട്: രണ്ട് വര്‍ഷം നഗരസഭ ഭരിച്ച അബ്ബാസ് ബീഗത്തില്‍ നിന്നാണ് ഷാഹിന സലീം പുതിയ നഗരസഭാ ചെയര്‍പേഴ്‌സണായി അധികാരം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ ആദ്യത്തെ മൂന്ന് വര്‍ഷം അഡ്വ. വി.എം. മുനീറും തുടര്‍ന്ന് രണ്ട് വര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാന്‍ പദം പങ്കിടുകയായിരുന്നു. അഞ്ചുവര്‍ഷത്തെ ഭരണനേട്ടം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു എന്ന സന്തോഷത്തോടെയാണ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി പടിയിറങ്ങുന്നത്. എല്ലാ മേഖലകളിലും മികച്ച മുന്നേറ്റം നടത്തിയെന്ന് അബ്ബാസ് ബീഗം അവകാശപ്പെട്ടു. യു.ഡി.എഫിന് 2020-ലുണ്ടായിരുന്ന 21 സീറ്റില്‍നിന്ന് 24 സീറ്റാക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ നേട്ടങ്ങള്‍ അദ്ദേഹം എണ്ണിയെണ്ണി നിരത്തുകയും ചെയ്തു. 2020 മുതല്‍ 2025 വരെ പി.എം.എ.വൈ ഭവനപദ്ധതി പ്രകാരം 216 വീടുകള്‍ നഗരസഭ അനുവദിച്ചു. 172 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 21 വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 2010ല്‍ തുടങ്ങി ചുവപ്പ് നാടയില്‍ കുടുങ്ങിയ ആശ്രയ ഭവന നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 14 ആശ്രയ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നുള്ളിപ്പാടിയില്‍ 450 ചതുരശ്ര അടി വീട് നിര്‍മ്മിച്ചു കൊടുക്കുന്നതായിരുന്നു പദ്ധതി. ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന് തളങ്കരയിലും അണങ്കൂരിലും നെല്ലിക്കുന്നിലുമായി മൂന്ന് കേന്ദ്രങ്ങള്‍ തുറന്നു. 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി എം.ജി. റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് പുതിയ ബസ്സ്റ്റാന്റ് പരസരത്ത് സ്ട്രീറ്റ് വെന്‍ഡിങ് മാര്‍ക്കറ്റ് സ്ഥാപിച്ചു. തെക്കില്‍ ടാറ്റ ആസ്പത്രിയില്‍ ഉപയോഗിക്കാതെ കിടന്ന ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് സ്ഥാപിച്ചു. ഇതോടെ വൈദ്യുതി മുടങ്ങിയാല്‍ സി.ടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായി. മാലിന്യ നിര്‍മ്മാര്‍ജന മേഖലയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കേളുഗുഡ്ഡെയിലുള്ള ഭൂമി വീണ്ടെടുക്കുന്ന പദ്ധതി തുടങ്ങി.

കാസര്‍കോട് നഗരസഭയും ശുചിത്വമിഷനും സംയുക്തമായി അനുവദിച്ച 97 ലക്ഷം രൂപ ഉപയോഗിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആര്‍.ആര്‍.എഫ്) കെട്ടിടത്തിന്റെ പ്രവൃത്തി തുടങ്ങി. പാസ്റ്റിക്ക് ഉരുക്കിയെടുത്ത് പുതിയ ഉല്‍പന്നമാക്കി മാറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി തയ്യാറാക്കിയ 18,763 കോടി രൂപയുടെ പദ്ധതിയും മറ്റു കുടിവെള്ള പദ്ധതികളും നിര്‍വ്വഹണ ഘട്ടത്തിലാണ്. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് പൊലീസിന്റെ ഇതള്‍ പദ്ധതിയുമായി കാസര്‍കോട് നഗരസഭ കൈകോര്‍ത്തു. അണങ്കൂര്‍ ആയുര്‍വ്വേദ ആസ്പത്രിക്ക് ലിഫ്റ്റ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിഞ്ഞുവെന്നും അബ്ബാസ് പറഞ്ഞു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it