ക്രിസ്തുമസ് ആഘോഷത്തിന് നാടൊരുങ്ങി

കാസര്‍കോട്: സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നാളെ ലോകമെങ്ങും ക്രിസ്തുമസ് ആഘോഷം. ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പ്രാര്‍ത്ഥനയുടെ അകമ്പടിയോടെയാണ് ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ കുര്‍ബാനയുണ്ടാകും. വീടുകളും സ്ഥാപനങ്ങളും നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു. മതേതരമായ ആഘോഷങ്ങള്‍ക്കാണ് ക്രിസ്തുമസ് നാളുകളില്‍ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികള്‍ തുലോം കുറവായ ദേശങ്ങളില്‍പ്പോലും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കാറുണ്ട്. ക്രിസ്തുമസ് നാളുകളില്‍ സര്‍വ്വദേശീയമായി നിറഞ്ഞുനില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡെച്ചുകാര്‍ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡെച്ചുകോളനികളിലൂടെ ഈ രീതി സാര്‍വദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പന്‍, ക്രിസ്തുമസ് അപ്പൂപ്പന്‍, ക്രിസ്തുമസ് പപ്പാ, അങ്കിള്‍ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു. കേരളത്തില്‍ തികച്ചും ഗ്രാമീണമായി പപ്പാഞ്ഞി എന്നും പറയാറുണ്ട്.
അടുക്കത്ത്ബയല്‍ ഗവ. യു.പി. സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം

