പാട്ടിലലിയും അച്ഛച്ഛന്റെ ഓര്‍മ്മകള്‍.. കണ്ണുനിറഞ്ഞ് താരക്കുട്ടി
ടോപ്പ് സിംഗറില്‍ മികവോടെ മുന്നേറുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ താര, വേദിയില്‍ അച്ഛച്ഛന്‍ ഉണ്ണികൃഷ്ണനെ വേദനയോടെ ഓര്‍ത്തെടുത്ത രംഗം മലയാളികള്‍ കണ്ടിരുന്നു
കാസര്‍കോട്: 'എന്നെ വലിയൊരു പാട്ടുകാരിയായി കാണാന്‍ അച്ഛച്ഛന്‍ വല്ലാണ്ട് ആഗ്രഹിച്ചിരുന്നില്ലേ, ഞാന്‍ ഇപ്പോള്‍ ടോപ്പ് സിംഗറിലാണ്, അതു കണ്ട് അച്ഛച്ഛന്‍ സന്തോഷിച്ച് നില്‍ക്കുന്നുണ്ടാകും'' എന്നും പറഞ്ഞ് താരക്കുട്ടി മൊബൈല്‍ ഫോണില്‍ തെളിഞ്ഞ അച്ഛാച്ഛന്റെ ഫോട്ടോയില്‍ ഉമ്മ വെക്കാനെന്നോണം മുഖം അമര്‍ത്തി. ഫ്ളവേഴ്സ് ടി.വിയിലെ ടോപ്പ് സിംഗേഴ്സില്‍ മികവോടെ മുന്നേറുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ കൊച്ചുകുട്ടി താര, വേദിയില്‍ അച്ഛച്ഛന്‍ ഉണ്ണികൃഷ്ണനെ വേദനയോടെ ഓര്‍ത്തെടുത്ത രംഗം മലയാളികള്‍ കണ്ടിരുന്നു. ഉത്തരദേശം സബ് എഡിറ്ററായിരുന്നു ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി.
താരക്കുട്ടി ഇങ്ങനെ പാടുന്നത് കാണാന്‍ അച്ഛന് ഭാഗ്യമുണ്ടായില്ലെന്നും പലപ്പോഴും താരമോള്‍ നന്നായി പാടുമ്പോള്‍ അച്ഛന്റെ അനുഗ്രഹമാണെന്ന് ഞാന്‍ ഓര്‍ക്കാറുണ്ടെന്നും ഉണ്ണികൃഷ്ണന്റെ മകള്‍ അഞ്ജു കൃഷ്ണനും കണ്ണുതുടച്ചുകൊണ്ട് പരിപാടിയില്‍ പറയുന്നുണ്ട്.
താരക്കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ ടോപ്പ് സിംഗേഴ്സിലെ വിധി കര്‍ത്താക്കളായ എം.ജി. ശ്രീകുമാറും റിമി ടോമിയും പാടുപെടുന്നുണ്ടായിരുന്നു. മോളുടെ പാട്ട് അച്ഛച്ഛന്‍ കേള്‍ക്കുന്നുണ്ടെന്നും അച്ഛച്ഛന്റെ അനുഗ്രഹമാണ് മോള്‍ക്ക് ഇത്രയും മനോഹരമായി പാടാന്‍ കഴിയുന്നതെന്നും പറഞ്ഞ് എം.ജി ശ്രീകുമാര്‍ ആശ്വസിപ്പിച്ചപ്പോഴാണ് താരക്കുട്ടിയുടെ മുഖത്ത് സന്തോഷം വിടര്‍ന്നത്. കാഞ്ഞങ്ങാട്ടെ രഞ്ജിത്തിന്റെ ഭാര്യയായ അഞ്ജു കൃഷ് ണനും നല്ലൊരു പാട്ടുകാരിയാണ്. മകളെ ഗായികയാക്കാന്‍ വേണ്ടി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഒരുപാട് പ്രയത്നങ്ങളാണ് നടത്തിയത്.
https://www.facebook.com/share/r/1LvXr3Hw9K/?mibextid=WC7FNe