ടി. ഉബൈദ് അനുസ്മരണവും അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്റെ പുസ്തക പ്രകാശനവും ബുധനാഴ്ച

കാസര്‍കോട്: കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠന കേന്ദ്രത്തിന്റെയും ഉത്തരദേശം പബ്ലിഷേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ കവി ടി. ഉബൈദ് അനുസ്മരണവും അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്റെ മൂന്നാമത്തെ പുസ്തകമായ 'മാനവികാദര്‍ശം-സമൂഹത്തിലും ഉബൈദ് കവിതയിലും' പ്രകാശനവും ഒക്ടോബര്‍ 1 ബുധനാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കും. മാപ്പിളപ്പാട്ട് ഗവേഷകനും ടി.വി റിയാലിറ്റി ഷോ വിധികര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍ ടി. ഉബൈദ് അനുസ്മരണവും പുസ്തക പ്രകാശനവും നിര്‍വഹിക്കും. പ്രഭാഷകന്‍ ഡോ. അസീസ് തരുവണ പുസ്തകം ഏറ്റുവാങ്ങും. കവി ടി. ഉബൈദ് സ്മാരക കലാ സാഹിത്യ പഠനകേന്ദ്രം വൈസ് പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ അടക്കമുള്ളവര്‍ സംബന്ധിക്കും. മുഖ്യധാരാ സാഹിത്യചരിത്രത്തില്‍ മാപ്പിളപ്പാട്ടിന് സ്വന്തമായ ഇരിപ്പിടം നേടിക്കൊടുത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും ബഹുമുഖ പ്രതിഭയുമായ ടി. ഉബൈദ് മാഷിന്റെ ജീവിതത്തിലേക്കും എഴുത്തിലേക്കും വെളിച്ചം വീശുന്നതാവും അനുസ്മരണ-പുസ്തക പ്രകാശന ചടങ്ങ്. നാല് പതിറ്റാണ്ടിലധികമായി പത്ര പ്രസിദ്ധീകരണ രംഗത്തുള്ള ഉത്തരദേശത്തിന്റെ പുതിയൊരു ചുവടുവെപ്പാണ് ഉത്തരദേശം പബ്ലിഷേഴ്‌സ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it