റെയില്‍വേ സ്റ്റേഷനും നഗരവും കീഴടക്കി തെരുവുനായ്ക്കള്‍; ഭീതിയോടെ യാത്രക്കാര്‍
പേവിഷ പ്രതിരോധ വാക്സിനേഷന്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 21 തദ്ദേശ സ്ഥാപനങ്ങളില്‍
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാസര്‍കോട് നഗരത്തിലും റെയില്‍വേ സ്റ്റേഷനിലും അലഞ്ഞ് തിരിയുന്ന തെരുവുനായകള്‍ സ്ഥിരം കാഴ്ചയായിക്കഴിഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കിടയിലൂടെയാണ് നായകളുടെ സൈ്വര്യവിഹാരം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കേണ്ട ഇടങ്ങളില്‍ നായകളും കിടന്നുറങ്ങുന്നത് കാണാം.റോഡിലൂടെ കറങ്ങിനടക്കുന്ന നായക്കൂട്ടങ്ങള്‍ ഇരുചക്രവാഹനക്കാര്‍ക്കും ഭീഷണിയാണ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ തെരുവുനായ ആക്രമിച്ചതിന് പിന്നാലെ കാസര്‍കോട് എത്തുന്നവരും ഭീതിയിലാണ്. ജില്ലയില്‍ തെരുവുനായകളിലെ പേവിഷബാധ നിയന്ത്രിക്കുന്നതിനുള്ള വാക്‌സിനേഷന്‍ പദ്ധതിയില്‍ കാസര്‍കോട് നഗരസഭ പദ്ധതി വെക്കാത്തതിനാല്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുമില്ല. കാഞ്ഞങ്ങാട് , നീലേശ്വരം നഗരസഭകളില്‍ പേവിഷ പ്രതിരോധ വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
എന്ന് തുറക്കും എ.ബി.സി കേന്ദ്രം
ജില്ലയില്‍ ആകെ ഉള്ള രണ്ട് തെരുവുനായ വന്ധ്യംകരണ കേന്ദ്രവും (എ.ബി.സി) അടഞ്ഞുകിടക്കുകയാണ്. തൃക്കരിപ്പൂര്‍, കാസര്‍കോട് എ.ബി.സി കേന്ദ്രങ്ങള്‍ മാസങ്ങളായി പ്രവര്‍ത്തനമില്ലാതെ പൂട്ടിയ അവസ്ഥയിലാണ്. കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. ജില്ലാ പഞ്ചായത്ത് , മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളില്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏജന്‍സികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. ഏജന്‍സിയെ ലഭ്യമാകാത്തതും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതുമാണ് തിരിച്ചടിയായത്.
മുളിയാര്‍ എ.ബി.സി കേന്ദ്രം ജനുവരിയില്‍; മൃഗ സംരക്ഷണ വകുപ്പ്
മുളിയാറില്‍ എ.ബി.സി കേന്ദ്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും ജനുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവുമെന്നും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി പ്രശാന്ത് പറഞ്ഞു. 100 കൂടുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനുളള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ എ.ബി.സി കേന്ദ്രം പൂര്‍ണ അര്‍ത്ഥത്തില്‍ സജ്ജമാവുമെന്നും മുളിയാര്‍ എ.ബി.സി കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്ന മുറക്കുതന്നെ ജില്ലയിലെ മറ്റ് രണ്ട് എ.ബി.സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡോ.പി പ്രശാന്ത് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രീഫാബ് പദ്ധതിയില്‍ നിന്ന് 78,57,654 രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.
പേവിഷ ബാധ പ്രതിരോധ വാക്സിന്‍; ഇതുവരെ പൂര്‍ത്തിയാക്കിയത് 21 തദ്ദേശ സ്ഥാപനങ്ങളില്‍
തെരുവുനായ്ക്കളിലെ പേവിഷബാധ നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ വാക്സിനേഷന്‍ പദ്ധതി ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 21 തദ്ദേശ സ്ഥാപനങ്ങളില്‍ 3500 നടുത്ത് തെരുവുനായ്ക്കളെ ഇതുവരെ വാക്സിനേറ്റ് ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലാ ഭരണ സംവിധാനവും മൃഗസംരക്ഷണ വകുപ്പും നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് വന്നപരിശീലനം ലഭിച്ച ആറംഗ സംഘമാണ് നായകളെ പിടിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വെച്ചാല്‍ മാത്രമാണ് പ്രതിരോധ വാക്സിനേഷന്‍ നല്‍കുന്നത്. ബേഡഡുക്ക, ചെങ്കള, പനത്തടി, എന്‍മകജെ, മുളിയാര്‍, കുറ്റിക്കോല്‍, ഉദുമ, മഞ്ചേശ്വരം, പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, മൊഗ്രാല്‍ പുത്തൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, കള്ളാര്‍, ചെമ്മനാട് , മടിക്കൈ, പള്ളിക്കര ഗ്രാമ പഞ്ചായത്തുകളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും ഇതിനകം തെരുവുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.