കാസര്‍കോട് നഗരസഭയെ ഷാഹിനാ സലീം നയിക്കും

കാസര്‍കോട്: ഷാഹിനാ സലീം ഇനി കാസര്‍കോട് നഗരസഭയെ നയിക്കും. ഇന്ന് രാവിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ യു.ഡി.ഫിന്റെ മുഴുവന്‍ വോട്ടും(24) നേടിയാണ് ഷാഹിനാ സലീം വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശാരദക്ക് 12 വോട്ട് ലഭിച്ചു. സി.പി.എം അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഷാഹിനയുടെ പേര് ബെദിരയില്‍ നിന്നുള്ള അംഗം ഹമീദ് ബെദിരയാണ് നിര്‍ദ്ദേശിച്ചത്. നൈമുന്നിസ (ഖാസിലേന്‍) പിന്താങ്ങി. ശാരദയുടെ പേര് രേഷ്മ നിര്‍ദ്ദേശിച്ചു. ശ്രുതി പിന്താങ്ങി. റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ വ്യവസായ കേന്ദ്രം അസി. ഡയറക്ര്‍ കൂടിയായ ഹരികൃഷ്ണന്‍ ബി. തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഓപ്പണ്‍ വോട്ട് വഴിയാണ് നഗരസഭ ചെയര്‍പേഴ്‌സണെ തിരഞ്ഞെടുത്തത്. ആദ്യം ഓരോ അംഗങ്ങള്‍ക്കും ബാലറ്റ് പേപ്പര്‍ നല്‍കി. തുടര്‍ന്ന് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് അതാത് സമയത്ത് തന്നെ റിട്ടേണിംഗ് ഓഫീസര്‍ വായിക്കുകയായിരുന്നു. നഗരസഭാ കൗണ്‍സിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും ഹാജരായിരുന്നു.

മുസ്ലിലീഗ് നേതാക്കളായ സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, പി.എം മുനീര്‍ ഹാജി, യഹ്‌യ തളങ്കര, അഷ്‌റഫ് എടനീര്‍, കെ.എം ബഷീര്‍, ബീഫാത്തിമ ഇബ്രാഹിം, കെ.എം അബ്ദുല്‍ റഹ്മാന്‍, കെ.ബി കുഞ്ഞാമു, കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ബാസ് ബീഗം, മൊയ്തീന്‍ കൊല്ലംപാടി, സഹീര്‍ ആസിഫ്, എ.എ അസീസ്, കോണ്‍ഗ്രസ് നേതാക്കളായ ആര്‍. ഗംഗാധരന്‍, ജി. നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.ജെ.പിയുടെ പ്രധാന നേതാക്കളെ ആരെയും കണ്ടില്ല.

39 അംഗ കാസര്‍കോട് നഗരസഭയില്‍ 22 സീറ്റുകള്‍ നേടി മുസ്ലിംലീഗ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നേടിയതോടെ ഭരണകക്ഷിക്ക് 24 സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് 12 സീറ്റുകളുണ്ട്. ഒരു സീറ്റില്‍ സി.പി.എമ്മും ഒരു സി.പി.എം സ്വതന്ത്രയും മറ്റൊരു സീറ്റില്‍ സ്വതന്ത്രയുമാണ് വിജയിച്ചത്.

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കും-ഷാഹിന സലീം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സനായി സ്ഥാനമേറ്റ മുസ്ലിംലീഗിലെ ഷാഹിന സലീം പറഞ്ഞു. വികസനത്തിന് മുന്‍ഗണന നല്‍കും. നഗരത്തിന്റെ മുഖച്ഛായ മാറ്റും. മുന്‍ ഭരണസമിതി നടത്തിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. സര്‍ക്കാര്‍ സംവിധാനത്തോട് സഹകരിച്ച് വിവിധ പദ്ധതികള്‍ കൊണ്ടുവരും. ഫുട്പാത്ത് പ്രശ്‌നവും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങളും പരിഹരിക്കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വികസനത്തിന് വേണ്ടി പ്രയത്‌നിക്കും. എല്ലാവരുടെയും സഹകരണം തേടുന്നുവെന്നും ഷാഹിന പറഞ്ഞു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it