പെരിയ സുബൈദ വധക്കേസിലെ രണ്ടാംപ്രതി ഏഴുവര്‍ഷമായി കാണാമറയത്ത്; രക്ഷപ്പെട്ടത് കര്‍ണാടക സുള്ള്യയില്‍ നിന്ന്

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ രണ്ടാംപ്രതി കര്‍ണാടക സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് കാണാമറയത്ത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അസീസിനെ ഇത്രയും വര്‍ഷങ്ങളായിട്ടും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സുബൈദ വധക്കേസില്‍ അറസ്റ്റിലായി റിമാണ്ടിലായിരുന്ന അബ്ദുല്‍ അസീസിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കി തിരിച്ചുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാരാണ് അസീസിന് അകമ്പടി പോയിരുന്നത്. കോടതിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ സുള്ള്യ ടൗണിലെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് അസീസ് പൊലീസുകാരോടാവശ്യപ്പെട്ടപ്പോള്‍ മതിലിനോട് ചേര്‍ന്ന് അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു.
ഇതിനിടയില്‍ അസീസ് മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അസീസിനെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചപ്പോള്‍ അജ്ജാവരയിലെ അസീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്.
അസീസിനെതിരെ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
കവര്‍ച്ചക്കെതിരെ കൊലപാതകം നടത്തിയ മറ്റൊരു കേസും അസീസിനെതിരെയുണ്ട്. അസീസ് കുറ്റകൃത്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന ആശങ്കയുള്ളതിനാല്‍ പ്രതി ഇപ്പോഴും ഒളിവില്‍ കഴിയുന്നത് പൊലീസിന് തലവേദന തന്നെയാണ്.