കലയുത്സവത്തിന് ഇന്ന് തിരശീല വീഴും; കിരീടത്തിന് ഇഞ്ചോടിഞ്ച് പോര്

മൊഗ്രാല്‍: മൂന്ന് ദിവസങ്ങളിലായി മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നടന്നുവരുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. കിരീടം സ്വന്തമാക്കാന്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് ഉപജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാണ്. കാസര്‍കോട് ഉപജില്ലയാണ് മുന്നിലുള്ളത്. തൊട്ടുപിന്നില്‍ ഹൊസ്ദുര്‍ഗും. ചെറുവത്തൂരാണ് മൂന്നാമതുള്ളത്. സ്‌കൂളുകളില്‍ പതിവ് പോലെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മുന്നില്‍. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളും പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും തൊട്ടപിന്നാലെയുണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, സിനിമാ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.

പരിപാടി വിജയിപ്പിക്കാന്‍ നാട്ടുകാരുടെ പൂര്‍ണ്ണമായ സഹകരണം കൊണ്ട് കഴിഞ്ഞുവെന്ന് സംഘാടകസമിതി വിലയിരുത്തുന്നു. രണ്ടാം ദിവസമായ ഇന്നലെ രാത്രി വൈകിയും ഒന്നും മൂന്നും വേദികളിലെ മത്സരം കാണാന്‍ വലിയ ജനക്കൂട്ടമായിരുന്നു. ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനിയാട്ടവും വേദി ഒന്നില്‍ (ഇശല്‍) തകര്‍ത്താടിയപ്പോള്‍ വേദി മൂന്നില്‍ (സാരംഗി) 'മലപ്പുലയ ആട്ടം' അരങ്ങേറി. മത്സരം കാണാന്‍ വലിയ സദസായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഈ ഇനം സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്ഥാനം പിടിച്ചത്.

ഇന്ന് പ്രധാന വേദിയില്‍ നാടോടി നൃത്തം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്. ചളിയങ്കോടുള്ള വേദി രണ്ട് ഗസല്‍ ഇന്ന് സജീവമായി. ഇശല്‍ ഗ്രാമത്തിലെ കലാസ്വാദകരുടെ വട്ടപ്പാട്ടും അരബന മുട്ടും കോല്‍ക്കളിയുമൊക്കെ ഇവിടെ അരങ്ങേറും. വേദി ഏഴ് റഹ്മത്ത് നഗറില്‍ ഖയാലില്‍ ഇന്ന് വഞ്ചിപ്പാട്ടും നാടന്‍പാട്ടും നടക്കുന്നു. വേദിയിനങ്ങളില്‍ ഇന്ന് ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. വേദി 12 സാന്ത്വനത്തില്‍ നടക്കേണ്ട എച്ച്.എസ് വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് വേദി മൂന്ന് സാരംഗിയിലാണ് നടന്നത്.

പ്രധാന വേദിയായ ഇശലില്‍ ഇന്ന് രാവിലെ നടന്ന നാടോടി നൃത്ത മത്സരത്തില്‍ നിന്ന്‌

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it