ജനറല്‍ ആസ്പത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം മുടങ്ങി; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാത്രി പോസ്റ്റുമോര്‍ട്ടം

പോസ്റ്റുമോര്‍ട്ടം മുടങ്ങിയതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് മുന്നില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനിയുടെ നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കാസര്‍കോട്: 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമുള്ള കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം മുടങ്ങി. ഇന്നലെ ആസ്പത്രി മോര്‍ച്ചറിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന കുടുംബം പരസ്യമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഏറെനേരം പ്രതിഷേധിച്ചു. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച മധൂര്‍ ഷിരിബാഗിലുവിലെ ചെനിയപ്പ പൂജാരിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് മോര്‍ച്ചറിയില്‍ എത്തിച്ചത്. ഇവരുടെ ഭാര്യ കൈകള്‍ മുറിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം എത്തിക്കുമെന്ന പ്രതീക്ഷയില്‍ സംസ്‌ക്കാര ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി ബന്ധുക്കള്‍ വീട്ടില്‍ കാത്തിരുന്നു. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഡോക്ടര്‍ സ്ഥലം വിട്ടുവെന്നാണ് പരാതി ഉയര്‍ന്നത്. വൈകിട്ട് 5.40ന് പോസ്റ്റുമോര്‍ട്ടം ചെയ്ത് മൃതദേഹം വിട്ടുതരാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ 6 മണിയോടെ മോര്‍ച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോവുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആസ്പത്രി മോര്‍ച്ചറിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് മുഴുവന്‍ സമയവും പോസ്റ്റുമോര്‍ട്ടം ചെയ്തു നല്‍കിയതെന്നും ഒരു ഡോക്ടര്‍ സ്ഥലംമാറി പോയതിനാല്‍ നിലവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളതെന്നും ഡോക്ടറുടെ ഡ്യൂട്ടി സമയം തീര്‍ന്നതിനാല്‍ അഞ്ച് മണിക്ക് ഡോക്ടര്‍ പോയതാണെന്നും പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയതായും ആസ്പത്രി അധികൃതര്‍ പറഞ്ഞു. അതിനിടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രിയോടെ ഡോക്ടര്‍ മടങ്ങിയെത്തി പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കുകയായിരുന്നു. വിഷയം സംബന്ധിച്ച് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എന്നിവര്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.