'പുതിയ എഴുത്തുകാർ പുതിയ കാലത്തിൻ്റെ സത്യങ്ങളെ തിരിച്ചറിയണം': സി.വി ബാലകൃഷ്ണൻ: ചെറുകഥാ മത്സര വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു

ഉത്തരദേശം സ്ഥാപക പത്രാധിപർ കെ എം അഹ്മദ് മാഷിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഉത്തരദേശം-കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് എഴുത്തുകാരൻ സി. വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കാസർകോട്: പുതിയ തലമുറയിൽ ഗൗരവത്തോടെ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് എം ടി വാസുദേവൻ നായരെപ്പോലെ അപൂർവ മാതൃകകൾ മുന്നിലുണ്ടെന്നും എഴുത്തിനെ വളരെ ലാഘവത്തോടെ കാണാതെ അത് ഏറ്റവും ഗൗരവമുള്ള ഒരു ഉത്തരവാദിത്തമായി കാണണമെന്നും പ്രശസ്ത സാഹിത്യകാരൻ സി.വി ബാലകൃഷ്ണൻ പറഞ്ഞു. ഉത്തരദേശം സ്ഥാപക പത്രാധിപർ കെ.എം അഹ്മദ് മാഷിൻ്റെ സ്മരണാർത്ഥം ഉത്തരദേശം-കെ.എം ഹസ്സന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിൻറെ സത്യങ്ങളെ തിരിച്ചറിയുകയും അവ ഏറ്റവും സമർത്ഥമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുക എന്നതാണ് പുതിയ എഴുത്തുകാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിൽ നോക്കി നടന്ന പത്രപ്രവർത്തകൻ ആയിരുന്നു ഉത്തരദേശം സ്ഥാപക പത്രാധിപർ കെ.എംഅഹ്മദ് മാഷ്. ഭൂമിയിലെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ ഭൂമിയിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ വേദനകളും വികാരവായിപ്പുകളും ആത്മ നൊമ്പരങ്ങളും കണ്ടറിഞ്ഞു രേഖപ്പെടുത്തിയിട്ടുള്ള പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും സി.വി ബാലകൃഷ്ണൻ പറഞ്ഞു.


ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പെരിയ കേരള കേന്ദ്ര സര്‍വകാശാല വിദ്യാര്‍ത്ഥി, അശ്വിന്‍ ചന്ദ്രന്‍, രണ്ടാം സ്ഥാനം നേടിയ കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥി, രാഹുല്‍ ജി., മൂന്നാം സ്ഥാനം നേടിയ പയ്യന്നൂര്‍ വിദ്യാമന്ദിര്‍ കോളേജ് വിദ്യാര്‍ത്ഥി ജിതിന്‍ കൃഷ്ണന്‍ എന്നിവര്‍ക്ക് സി.വി ബാലകൃഷ്ണൻ പുരസ്‌കാരങ്ങള്‍ കൈമാറി.




കാസർകോട് സിറ്റി ടവർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉത്തരദേശം കൺസൾട്ടിംഗ് എഡിറ്റർ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്‌മാന്‍ തായലങ്ങാടി കെ.എം ഹസ്സനെ അനുസ്മരിച്ചു.




മത്സരത്തില്‍ തിരഞ്ഞെടുത്ത കഥകളുടെ അവലോകനം ജൂറി അംഗവും പ്രഭാഷകനുമായ കെ. മണികണ്ഠദാസ് നിര്‍വഹിച്ചു. ഉത്തരദേശം ന്യൂസ് എഡിറ്റർ ടി.എ .ഷാഫി വിജയികളെ പരിചയപ്പെടുത്തി. നാരായണൻ പേരിയ, എം അശ്വിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉത്തരദേശം മാനേജിംഗ് ഡയറക്ടർ മുജീബ് അഹ്മദ് സ്വാഗതവും കെ എം ഹസൻ മെമ്മോറിയൽ കൾച്ചറൽ സെൻറർ ചെയർമാൻ വി എം മുനീർ നന്ദിയും പറഞ്ഞു.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വി എം മുനീർ ഒരുക്കിയ മ്യൂസിക് ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.










Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it