കാസര്‍കോട്ട് പുതുവര്‍ഷാഘോഷത്തിനിടെ പൊലീസെത്തി തടഞ്ഞു

ഒടുവില്‍ അരമണിക്കൂര്‍ നേരത്തേക്ക് അനുമതി നല്‍കി

കാസര്‍കോട്: ലോകം മുഴുവന്‍ അത്യാഹ്ലാദപൂര്‍വ്വം പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ മാത്രം പൊലീസ് സംഘമെത്തി ആഘോഷം നിര്‍ത്തിവെച്ചു. കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ് ആഘോഷത്തില്‍ ലയിച്ചിരിക്കെയാണ് പൊലീസെത്തി മൈക്ക് ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഒന്നരമണിക്കൂറോളം തടസപ്പെട്ട ആഘോഷപരിപാടി, ഒടുവില്‍ പുതുവര്‍ഷം പിറക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ പൊലീസ് പരിപാടി പുന:രാരംഭിക്കാന്‍ അനുവദിക്കുകയായിരുന്നു.

കാസര്‍കോട് ആര്‍ട്ട് ഫോറം, അലയന്‍സ് കാസര്‍കോട്, കലാ കാസര്‍കോട് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഇന്നലെ രാത്രി റംഗ് ബര്‍സെ എന്ന പേരില്‍ പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചത്. എട്ടരമണിയോടെ പരിപാടി ആരംഭിച്ചു. ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങും ആദരവ് പരിപാടിയുമാണ് ആദ്യം നടന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. സമീര്‍ ബെസ്റ്റ്‌ഗോള്‍ഡ്, മുസ്തഫ ബി.ആര്‍.ക്യു, കുഞ്ഞാലി പെര്‍ള, അസീസ് അബ്ദുല്ല, റഹ്മാന്‍ റഷീദ് എന്നിവരെ ആദരിച്ചു. ടി.എ ഷാഫി, ഉമ്മര്‍ പാണലം പ്രസംഗിച്ചു. ഇബ്രാഹിം ബാങ്കോട്, സമീര്‍ ആമസോണിക്‌സ്, മൊയ്തീന്‍ ചേരൂര്‍, സലാം കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും റഫീഖ് നായന്മാര്‍മൂല നന്ദിയും പറഞ്ഞു.

ഒമ്പതരയോടെ കാലിക്കറ്റ് ബീറ്റ് ബാഷിന്റെ ഗാനമേള ആരംഭിച്ചു. സ്ത്രീകളടക്കം നിറഞ്ഞ സദസ് ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. 10 മണി പിന്നിട്ടപ്പോഴേക്കും പൊലീസ് സംഘം സ്ഥലത്തെത്തി മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് നടപടിയില്‍ കാണികള്‍ കൂകി പ്രതിഷേധിച്ചു.

ബേക്കലിലും നഗരത്തില്‍ തന്നെ അശ്വിനി നഗറിലും ആഘോഷപരിപാടികള്‍ നടക്കുന്നുണ്ടല്ലോ എന്ന് സംഘാടകര്‍ പൊലീസിനെ അറിയിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള ഉത്തരവാണെന്നും അവരുടെ അറിയിപ്പ് കിട്ടിയാല്‍ മാത്രമെ പരിപാടി തുടരാന്‍ അനുവദിക്കുകയുള്ളൂവെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവര്‍ ഇടപെട്ടിട്ടും പൊലീസ് അയഞ്ഞില്ല. ഇതിനിടയില്‍ വലിയ പ്രതിഷേധം അറിയിച്ച് കാണികളില്‍ പകുതിയും മടങ്ങിപ്പോയി.

കാസര്‍കോട്ട് മാത്രമെന്തെ ഇത്തരമൊരു ഗതിയെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. നഗരത്തില്‍ മറ്റൊരിടത്തും ബേക്കലിലും പുതുവര്‍ഷാഘോഷം ഒരു തടസവുമില്ലാതെ കൊണ്ടാടപ്പെടുമ്പോള്‍ കാസര്‍കോടിന് എന്തുകൊണ്ട് ഇത് നിഷേധിക്കപ്പെട്ടുവെന്നും പലരും അമര്‍ഷത്തോടെ ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ സംഘാടകര്‍ താണുകേണ് അപേക്ഷിച്ചപ്പോള്‍ മാത്രമാണ് പതിനൊന്നര മണിയോടെ പരിപാടി പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

പിന്നീടുള്ള അരമണിക്കൂര്‍ നേരം കാസര്‍കോട് പാടിത്തിമിര്‍ത്ത് 2026നെ വരവേല്‍ക്കുകയായിരുന്നു.

പുതിയ വര്‍ഷത്തിന്റെ ആദ്യനിമിഷം പിറന്നപ്പോള്‍ കാസര്‍കോട് ആര്‍ട്ട് ഫോറം വൈസ് പ്രസിഡണ്ട് ടി.എ ഷാഫി വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിന് തീ കൊളുത്തിയപ്പോള്‍ കാണികള്‍ സുന്ദരസുരഭിലമായ, വെറുപ്പും വിദ്വേഷവുമില്ലാത്ത പുതിയൊരു വര്‍ഷത്തെ ഹാര്‍ഷാരവത്തോടെ വരവേറ്റു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it