യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ദുരിതമയം

നവീകരണ പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി ആക്ഷേപം

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി വലഞ്ഞ് യാത്രക്കാര്‍. ഈ ബുദ്ധിമുട്ടുകള്‍ എത്രകാലം കൂടി സഹിക്കണമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്നത്. 2023 ആഗസ്തില്‍ ഉദ്ഘാടനം ചെയ്ത നിര്‍മ്മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ടൈലും ഗ്രാനൈറ്റും വിരിക്കാന്‍ നിലം പൊളിച്ചുമാറ്റിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സീറ്റുകളില്‍ പാതിയും ഇപ്പോള്‍ ഇല്ല. ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ ആശ്രയം കോണിപ്പടികളാണ്. ദീര്‍ഘദൂര യാത്രക്കാരും ട്രെയിന്‍ വൈകിയാല്‍ ഇരിക്കാനാവാതെ നില്‍ക്കേണ്ട അവസ്ഥയിലാണ്. നിലം പൊളിച്ചതോടെ പൊടി ശല്യവും രൂക്ഷമായി. സ്റ്റേഷനില്‍ നിര്‍ത്താത്ത ചരക്ക് തീവണ്ടികള്‍ ഉള്‍പ്പെടെ കടന്നുപോയാല്‍ പൊടിമയമായി മാറും. ചായയോ ലഘു ഭക്ഷണമോ കഴിക്കണമെന്നുതോന്നിയാല്‍ സ്റ്റേഷനില്‍ നിന്ന് പുറത്ത് കടന്ന് റോഡ് മുറിച്ച് കടന്ന് വേണം ഹോട്ടലിലെത്താന്‍. പ്രവൃത്തിയുടെ ഭാഗമായി പ്ലാറ്റ്‌ഫോമിലെ കാറ്ററിംഗ് സ്റ്റാളുകളൊക്കെ മാറ്റിക്കഴിഞ്ഞു.

പത്രമോ ആനുകാലികങ്ങളോ റെയില്‍വെ സ്റ്റേഷന്റെ പരിസരത്ത് എവിടെയും കിട്ടാനില്ല. പ്രധാന കവാടം പൊളിച്ച് മാറ്റി പുതിയത് നിര്‍മ്മിക്കുന്നതിനാല്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് രണ്ട് ഇടവഴികളാണ് നല്‍കിയിരിക്കുന്നത്. ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം കൂടിയാല്‍ പുറത്ത് കടക്കുന്നതും അത്ര എളുപ്പമല്ല. പുറത്തിറങ്ങിയാല്‍ പ്രധാന റോഡെത്തുന്ന വരെയുള്ള വഴിയും തകര്‍ന്ന അവസ്ഥയിലാണ്. നവീകരണ പ്രവൃത്തികള്‍ ഉടനടി പൂര്‍ത്തിയാവും എന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.




നവീകരണം നടക്കുന്ന കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോം

യാത്രക്കാര്‍ പ്രതികരിക്കുന്നു...

പൊടിശല്യം ദുരിതമാകുന്നു

റെയില്‍വെ സ്റ്റേഷന്‍ വികസനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇതിന്റെ ഭാഗമായി യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പൊടി ശല്യം രൂക്ഷമാണ്. ഇരിപ്പിടങ്ങള്‍ മാറ്റിയതിനാല്‍ ഇരിക്കാനും സ്ഥലമില്ല.കാറ്ററിംഗ് സ്റ്റാളുകള്‍ ഒഴിവാക്കിയതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.-കെ. അഭിജിത്ത് ബാബു

ബസ്സ്റ്റോപ്പിലെത്തും വരെ വഴിയിലും ദുരിതം

അമിത വേഗത്തില്‍ കടന്നുപോകുന്ന ഗുഡ്സ് ട്രെയിന്‍ പോയാല്‍ പൊടിശല്യം കാരണം പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് കടക്കേണ്ട അവസ്ഥയാണ്. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തെക്ക് വശം വഴി പുറത്തേക്ക് ഇറങ്ങിയാല്‍ ബസ്സ്റ്റോപ്പിലെത്തുന്നത് വരെയുള്ള വഴി വളരെ മോശമാണ്.-എ.കെ. സുബിന്‍

നിര്‍മ്മാണപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷ

യാത്ര പോകേണ്ട ട്രെയിന്‍ വൈകിയാല്‍ ആണ് വലിയ ബുദ്ധിമുട്ട്.ഇരിപ്പിടങ്ങള്‍ ഇല്ലാത്തതിനാല്‍ കുറേ നേരം നില്‍ക്കേണ്ടിവരും. നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു.-പി. ജിഷ്ണു



Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it