ജില്ലാ പഞ്ചായത്തിലേക്ക് ഇഞ്ചോടിഞ്ച് പോര്; ഭരണം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്, തിരിച്ചു പിടിക്കാന്‍ യു.ഡി.എഫ്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്നത് എല്ലായിപ്പോഴും പ്രവചനാതീതമാണ്. ഇരു മുന്നണികളെയും മാറിമാറി ഭരണമേല്‍പ്പിക്കുകയാണ് കുറെ വര്‍ഷങ്ങളായുള്ള പതിവ്. ഇത്തവണയും ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാണ്. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളും നിരവധി ദേശീയ, സംസ്ഥാന അംഗീകാരങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് എല്‍.ഡി.എഫ് പ്രചരണം നടത്തുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ജില്ലാ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അംഗസംഖ്യ വര്‍ധിപ്പിച്ച് ജില്ലയില്‍ വേരോട്ടം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ബി.ജെ.പി.

നിലവിലുള്ള 17 ഡിവിഷനുകളില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് രണ്ടും എന്നിങ്ങനെയാണ് കക്ഷിനില. ചെങ്കള ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഷാനവാസ് പാദൂരിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഷാനവാസ് പാദൂരിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കുകയും ചെയ്തു.

സി.പി.എമ്മിലെ ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ടായുള്ള ഭരണസമിതി ഒറ്റ സീറ്റ് ഭൂരിപക്ഷത്തിലാണ് ഭരണം പൂര്‍ത്തീകരിക്കുന്നത്. ഡിവിഷന്‍ വിഭജനം വന്നപ്പോള്‍ ഒരെണ്ണം കൂടി 18 ഡിവിഷനുകളായി. ഡിവിഷന്‍ വിഭജനവും പുതിയ ഡിവിഷനും അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്‍തൂക്കം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും മേല്‍ക്കോയ്മ നേടുകയാണ് മുന്നണികളുടെ ലക്ഷ്യം.

കഴിഞ്ഞ ഭരണ സമിതിയില്‍ സി.പി.എമ്മിന്-4, സി.പി.ഐക്ക്-1, കേരള കോണ്‍ഗ്രസ് മാണി -1, ആര്‍.ജെ.ഡി -1, മുസ്ലിം ലീഗ്-4, കോണ്‍ഗ്രസ് -3, ബി.ജെ.പി -2, സ്വതന്ത്രന്‍ -1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഇരുമുന്നണികളും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതായി അറിയുന്നു. വിജയ സാധ്യത പരിഗണിച്ച് സ്വതന്ത്രരെയടക്കം മത്സരിപ്പിച്ച് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനുള്ള ശ്രമങ്ങളിലാണ് മുന്നണികള്‍. പ്രസിഡണ്ട് സ്ഥാനം ജനറല്‍ വിഭാഗത്തിലായതിനാല്‍ പ്രമുഖ നേതാക്കള്‍ തന്നെ മത്സര രംഗത്തുണ്ടാവും.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ ഇങ്ങനെ

ബ്രാക്കറ്റില്‍ വോട്ടര്‍മാരുടെ എണ്ണം.

1- വൊര്‍ക്കാടി: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കുഞ്ചത്തൂര്‍, പാത്തൂര്‍, ധര്‍മനഗര്‍, മജീര്‍പള്ള, മുളിഗദ്ദെ ഡിവിഷനുകള്‍ ( 67,025).

2- പുത്തിഗെ: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചേവാര്‍, പെര്‍മുദെ, എന്‍മകജെ, പെര്‍ള, പുത്തിഗെ ഡിവിഷനുകള്‍ (67,300).

3- ബദിയടുക്ക: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ മൗവ്വാര്‍, കുമ്പഡാജെ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ബേള, നീര്‍ച്ചാല്‍, ബദിയടുക്ക ഡിവിഷനുകള്‍ (57,609).

4-ദേലംപാടി: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബെള്ളൂര്‍, ആദൂര്‍, ദേലംപാടി, അഡൂര്‍, മുളിയാര്‍, കാറഡുക്ക ഡിവിഷനുകള്‍ (60,889).

5- കുറ്റിക്കോല്‍: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിക്കോല്‍, പടുപ്പ്, മുന്നാട്, പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പനത്തടി, പാണത്തൂര്‍ ഡിവിഷനുകള്‍ (56,737).

6 -കള്ളാര്‍: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കോടോം, കള്ളാര്‍, ബേളൂര്‍, തായന്നൂര്‍, ബാനം ഡിവിഷനുകള്‍ (55,930).

7-ചിറ്റാരിക്കാല്‍: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍, മാലോം, പാലാവയല്‍, ചിറ്റാരിക്കാല്‍, കമ്പല്ലൂര്‍ ഡിവിഷനുകള്‍ (68,490).

8-കയ്യൂര്‍: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എളേരി, പരപ്പ, കിനാനൂര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ കയ്യൂര്‍, ചീമേനി ഡിവിഷനുകള്‍ (53,177).

9-പിലിക്കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിലോട്ട്, കൊടക്കാട്, പിലിക്കോട്, തൃക്കരിപ്പൂര്‍ ടൗണ്‍, തങ്കയം, ഒളവറ ഡിവിഷനുകള്‍ (64,776).

10-ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വലിയപറന്പ്, പടന്ന, ഉദിനൂര്‍, തുരുത്തി, ചെറുവത്തൂര്‍, ക്ലായിക്കോട് ഡിവിഷനുകള്‍ (65,092).

11-മടിക്കൈ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഏച്ചിക്കാനം, മടിക്കൈ, മാവുങ്കാല്‍, മഡിയന്‍, അജാനൂര്‍ ഡിവിഷനുകള്‍ (60,136).

12-പെരിയ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ രാവണേശ്വരം, പെരിയ, പുല്ലൂര്‍, കാറഡുക്ക ബ്ലോക്കിലെ കുണ്ടംകുഴി, കൊളത്തൂര്‍ ഡിവിഷനുകള്‍ (57,576).

13-ബേക്കല്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പാക്കം, ബേക്കല്‍, കരിപ്പോടി, പനയാല്‍, വെളുത്തോളി ഡിവിഷനുകള്‍ (61,680).

14-ഉദുമ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ തെക്കില്‍, കളനാട്, മേല്‍പ്പറമ്പ് ഡിവിഷനുകള്‍ (63,939).

15-ചെങ്കള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മനാട്, എടനീര്‍, പാടി, ചെങ്കള, പൊവ്വല്‍ ഡിവിഷനുകള്‍ (67,238).

16-സിവില്‍ സ്റ്റേഷന്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ എരിയാല്‍, ചൂരി, രാംദാസ് നഗര്‍, ഉളിയത്തടുക്ക, സിവില്‍സ്റ്റേഷന്‍ ഡിവിഷനുകള്‍ (74,990).

17-കുമ്പള: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ആരിക്കാടി, മൊഗ്രാല്‍, കുമ്പള റെയില്‍വെ സ്റ്റേഷന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ബന്തിയോട് ഡിവിഷനുകള്‍ (65,349).

18-മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ നയാബസാര്‍, ഉപ്പള, കടമ്പാര്‍, ബഡാജെ, മഞ്ചേശ്വരം ഡിവിഷനുകള്‍ (71,712).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it