നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: പ്രതിസ്ഥാനത്ത് ആരുമില്ലാതെ എഫ്.ഐ.ആര്‍..!! സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ്‌സിംഗ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനവും ഭീഷണിയുമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അസുഖം ബാധിച്ചതിനാല്‍ ഡോക്ടറെ കണ്ട് ഡ്രിപ്പ് ഇട്ടതിനാല്‍ ഹോസ്റ്റലില്‍ വൈകി എത്തിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ വഴക്ക് പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ഇത് പെണ്‍കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേര്‍ക്കാത്ത പൊലീസ് നടപടി വിചിത്രമായിരിക്കുകയാണ്.
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 15 ദിവസം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ ഹോസ്റ്റലില്‍ എത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.
ശനിയാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും അപകടനില തരണം ചെയ്തില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.