നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു; ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ; ലാത്തി വീശി; സംഘര്‍ഷാവസ്ഥ
കാഞ്ഞങ്ങാട്: നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് , യുവമോര്‍ച്ച് മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് ആശുപത്രിയുടെ കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആശുപത്രിയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പൊലീസ് ലാത്തി വീശി. ഒരു പൊലീസുകാരനും പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉടലെടുത്തു. പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോമോന്‍ ജോസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിലും പൊലീസ് ലാത്തിവീശി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥിനി. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സഹപാഠികളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്. വാര്‍ഡനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളും മാനേജ്‌മെന്റും പൊലീസും തമ്മില്‍ സമവായ ചര്‍ച്ച നടത്തും.
സംഘര്‍ഷാവസ്ഥ; പരിക്കേറ്റവര്‍ ആശുപത്രിയില്‍
ആശുപത്രിയിലേക്ക് എസ്.എഫ്.ഐ,യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. രണ്ട് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോമോന്‍ ജോസ്,ഡി.സി.സി വൈസ് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ടുമായ ബി.പി പ്രദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് കെ. ആര്‍ കാര്‍ത്തികേയന്‍, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലിക്കൈ എന്നിവരെ പരിക്കുകളുടെ കുന്നുമ്മലെ ദീപ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്. എഫ്. ഐ കാസര്‍കോട് ഏരിയ പ്രസിഡന്റ് അനുരാജ്, ചെറുവത്തൂര്‍ ഏരിയ സെക്രട്ടറി അഭിനന്ദ്, ജില്ലാ വൈസ് പ്രസിഡണ്ട്ര ഇമ്മാനുവല്‍ എന്നിവരെ സാരമായ പരിക്കേറ്റ് ഐഷാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡണ്ട് അനുരാഗ് പുല്ലൂര്‍, എസ്.എഫ്.ഐ എളേരി ഏരിയ പ്രസിഡണ്ട് അജിത്ത് ചന്ദ്രന്‍, തൃക്കരിപ്പൂര്‍ ഏരിയ പ്രസിഡണ്ട് കാര്‍ത്തിക് എന്നിവരെ കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു .എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയുമാണ് മന്‍സൂര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. ആശുപത്രിയിലേക്ക് ഇരച്ചു കയറിയതിനാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റു.ആശുപത്രിയുടെ പിറകുവശത്തുകൂടി അകത്തു കയറിയ എ.ബി.വി.പി നേതാക്കള്‍ക്കും ലാത്തി അടിയേറ്റു.