കാഞ്ഞങ്ങാട്ട് നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം, വാർഡനെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. അതീവ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൻസൂർ നഴ്സിംഗ് കോളേജിലെ മൂന്നാം വര്‍ഷ നഴ്സിംങ് വിദ്യാര്‍ത്ഥിനി ചൈതന്യയാണ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കോളേജ് വാര്‍ഡന്റെ മാനസിക പീഡനം ആണെന്ന് സുഹൃത്തുക്കളും സഹപാഠികളും പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.


സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വാർഡനെ മാറ്റണമെന്നുമാണ് വിദ്യാർത്ഥിനികളുടെ ആവശ്യം. ഹൊസ്ദുദുർഗ് പൊലീസ് സ്ഥലത്തെത്തി. ഇൻസ്പെക്ടർ പി അജിത്ത് കുമാർ സമരക്കാരുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ മുൻകൈയെടുക്കാമെന്ന് പറഞ്ഞു. . തിങ്കളാഴ്ച 11 മണിക്ക് ചർച്ച നടത്താമെന്ന് ഉറപ്പിന്മേലാണ് വിദ്യാർത്ഥിനികൾ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it