സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍; സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ചൊവ്വാഴ്ച

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്.

കാസര്‍കോട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ സഹപാഠിക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറ്റം ജൂണ്‍ 3 ന് ചൊവ്വാഴ്ച നടക്കും.

അസുഖ ബാധിതനായ പിതാവുമൊത്ത് 15 വര്‍ഷത്തില്‍ കൂടുതലായി വാടക വീട്ടില്‍ കഴിയുന്ന സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഇറങ്ങിയപ്പോള്‍ സുമനസ്സുകള്‍ കാരുണ്യ പ്രവര്‍ത്തനത്തിന് സഹായ സഹകരണങ്ങള്‍ നല്‍കി കൂടെ നിന്ന് പിന്തുണ നല്‍കിയതിനാല്‍ വീടിന്റെ പണി പൂര്‍ത്തിയായി.

ചെമ്മനാട് ആലിച്ചേരിയില്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ മാനേജര്‍ സി.ടി. അഹ്‌മദലി നിര്‍വ്വഹിക്കും. എന്‍.എസ്.എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രാജേഷ് കുമാര്‍. ആര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഇതിനോടകം ഒട്ടനവധി വ്യത്യസ്ഥ സാമൂഹിക, ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടാണിത്.

വാര്‍ത്താ സമ്മേളനത്തില്‍ സി.ടി. അഹ്‌മദലി, മുഹമ്മദ് മുസ്തഫ സി.എം, ഡോ. സുകുമാരന്‍ നായര്‍, ഉമറുല്‍ ഫാറൂഖ് എന്‍.എം, ബി.എച്ച് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it