ഇത്തവണ മത്സര രംഗത്തില്ല; പ്രസിഡണ്ട് പദവികള്‍ക്ക് ചാരുതയേകിയ ബേബി ബാലകൃഷ്ണന്‍ ഇനി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകും

കാസര്‍കോട്: 1995ല്‍ തുടങ്ങിയ പടയോട്ടമാണ്. വീഴാതെ, വാടാതെ കുതിപ്പായിരുന്നു മുന്നോട്ട്. ആ ജൈത്രയാത്ര മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഗ്രാമ പഞ്ചായത്തില്‍ നിന്ന് തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ അമരത്ത് വരെ എത്തിയ ബേബി ബാലകൃഷ്ണന്‍ ഇനിയും മുന്നേറി എം.എല്‍.എയും മന്ത്രിയുമൊക്കെയാവണമെന്ന് ആഗ്രഹിക്കുന്നവരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മാത്രമല്ല, അവരെ അറിയുന്ന അനവധി പേരുണ്ട്. ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബേബി ബാലകൃഷ്ണന്‍ മത്സര രംഗത്തില്ല. 'ഇനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. പാര്‍ട്ടിയാണ് എല്ലാം...'-ലളിതമായ വാക്കുകളില്‍ ബേബി ബാലകൃഷ്ണന്‍.
തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരിക്കല്‍ പോലും പരാജയത്തിന്റെ രുചി അനുഭവിക്കേണ്ടി വന്നിട്ടില്ല. മടിക്കൈയുടെ 'പ്രിയപുത്രി' 1995ല്‍ ആദ്യമായി മടിക്കൈ പഞ്ചായത്തംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായി. അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'ബേബി'യായിരുന്നു അന്നവര്‍. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട്. തൊട്ടടുത്ത തവണ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പദവി ജനറല്‍ ആയിട്ടും പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ പാര്‍ട്ടി വീണ്ടും ഇരുത്തിയത് ബേബി ബാലകൃഷ്ണനെ തന്നെ. അതൊരു വിശ്വാസമായിരുന്നു. പാര്‍ട്ടി ആദര്‍ശങ്ങളില്‍ നിന്ന് അണുകിട തെറ്റില്ലെന്നും വികസന കാര്യത്തില്‍ തെല്ലും കുറവ് വരുത്തില്ലെന്നും ബേബി ബാലകൃഷ്ണനിലുള്ള പാര്‍ട്ടിയുടെ അചഞ്ചലമായ വിശ്വാസം.
2005ല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. അവിടെയും പ്രസിഡണ്ട് പദവി ബേബി ബാലകൃഷ്ണന് തന്നെയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ അമരത്തിരിക്കുമ്പോഴും പഠനം ഉപേക്ഷിക്കാന്‍ ഈ 'വിദ്യാര്‍ത്ഥിനി' തയ്യാറായില്ല. പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെയാണ് ബിരുദാനന്തര ബിരുദ പഠനവും ബി.എഡും പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമം പാതിവഴിയിലാണ്. കയ്യൂര്‍, പെരിയ, ബങ്കളം സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപികയായും സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ തവണ (2020ല്‍) ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമായിരിക്കെയാണ് ആ പദവി രാജിവെച്ച് മടിക്കൈ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡണ്ട് പദവി ആര്‍ക്കെന്ന ചോദ്യമേ ഉയര്‍ന്നില്ല. 'പ്രസിഡണ്ട്' എവിടെയും ബേബി ബാലകൃഷ്ണന്‍ തന്നെ.
പ്രസിഡണ്ട് പദവി വഹിച്ചിടത്തെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട് ഇവര്‍. ഒടുവില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിനെയും കേരളത്തിലെ മികച്ച പഞ്ചായത്തുകളിലൊന്നായി ഉയര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങളാണ് ജില്ലാ പഞ്ചായത്തിനെ തേടിയെത്തിയത്. അധികാരം സേവനത്തിനുള്ള വഴിയായി മാത്രം കണ്ട ബേബി ബാലകൃഷ്ണന്‍ വിശ്രമമറിയാത്ത നേതാവാണ്. ജില്ലാ പഞ്ചായത്തിന് മികച്ചൊരു കെട്ടിടം സ്വന്തമാക്കാനും അവരുടെ ഭരണകാലത്ത് കഴിഞ്ഞു.
ഇനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക വഴി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ സമയം ലഭിക്കുമെന്ന സന്തോഷത്തിലാണവര്‍. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. നീലേശ്വരം നഗരസഭാ മുന്‍ യു.ഡി. ക്ലര്‍ക്ക് ബി. ബാലകൃഷ്ണന്റെ ഭാര്യയാണ്. ഏക മകന്‍ കിരണ്‍ ബാലകൃഷ്ണന്‍.

