ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും പുതിയ സാരഥികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഒപ്പം
കാസര്‍കോട്: ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എല്ലാ ജനപ്രതിനിധികള്‍ക്കും ആശംസ അര്‍പ്പിച്ച ശേഷം വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ രാമപ്പ മഞ്ചേശ്വരക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 74 വയസുള്ള രാമപ്പ ബദിയടുക്ക ഡിവിഷനെ പ്രതിനിധീകരിക്കുന്നു. രാമപ്പ മറ്റു ഡിവിഷനുകളിലെ ജനപ്രതിനിധികള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വൊര്‍ക്കാടി ഡിവിഷനിലെ അലി ഹര്‍ഷാദ് വൊര്‍ക്കാടി, പുത്തിഗൈ ഡിവിഷനിലെ ജെ.എസ് സോമശേഖര, ദേലംപാടി ഡിവിഷനിലെ ഒ. വത്സല, കുറ്റിക്കോലിലെ സാബു എബ്രഹാം, കള്ളാറിലെ റീനാ തോമസ്, ചിറ്റാരിക്കാലിലെ ബിന്‍സി ജെയ്ന്‍, കയ്യൂറിലെ കെ. കൃഷ്ണന്‍ ഒക്ലാവ്, പിലിക്കോടിലെ എം. മനു, ചെറുവത്തൂറിലെ ഡോ. സെറീന സലാം, മടിക്കൈയിലെ കെ. സബീഷ്, പെരിയയിലെ കെ.കെ സോയ, ബേക്കലിലെ ടി.വി രാധിക, ഉദുമയിലെ സുകുമാരി ശ്രീധരന്‍, ചെങ്കളയിലെ ജസ്ന മനാഫ്, സിവില്‍ സ്റ്റേഷനിലെ പി.ബി ഷെഫീക്ക്, കുമ്പളയിലെ അസീസ് കളത്തൂര്‍, മഞ്ചേശ്വരത്തെ ഇര്‍ഫാന ഇഖ്ബാല്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.ഡി.എം പി. അഖില്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ആര്‍. ഷൈനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മുന്‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന്‍ ബന്തിയോട് അംഗമായ അബ്ദുല്‍ അസീസ് മരിക്കെക്ക് വരണാധികാരി എല്‍. എ ഡെപ്യൂട്ടി കലക്ടര്‍ എം. റമീസ് രാജ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് മറ്റു അംഗങ്ങള്‍ ഡിവിഷന്‍ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേയും അംഗങ്ങള്‍ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന അംഗമായ ചൂരി ഡിവിഷനിലെ ലീലയ്ക്ക് റിട്ടേണിങ് ഓഫീസറും കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസരുമായ ബിനു ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു അംഗങ്ങള്‍ ഡിവിഷന്‍ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കാസര്‍കോട് നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് മുനിസിപ്പല്‍ ഹാളില്‍ നടന്നു. നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 39 കൗണ്‍സിലര്‍മാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന കൗണ്‍സിലര്‍ പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.എം. ഹനീഫിന് റിട്ടേണിങ് ഓഫീസര്‍ ആയ ബി. ഹരികൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.എം ഹനീഫ് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാഞ്ഞങ്ങാട് നഗരസഭയില്‍ മുതിര്‍ന്ന കൗണ്‍സിലര്‍ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി. വി. ചന്ദ്രന്‍ മാസ്റ്റര്‍ക്ക് റിട്ടേണിങ് ഓഫീസര്‍ ടി.ടി. സുരേന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നീലേശ്വരം നഗരസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നഗരസഭാ ഓഫീസില്‍ നടന്നു. മുതിര്‍ന്ന കൗണ്‍സിലര്‍ പുറത്തേക്കൈ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വി.വി. ജാനുവിന് റിട്ടേണിങ് ഓഫീസര്‍ ആയ ഡി.എല്‍. സുമ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പ്രഥമ കൗണ്‍സില്‍ യോഗം ചേര്‍ന്നു.
കാസര്‍കോട് നഗരസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞക്ക് ശേഷം

