മഴയില്‍ മുങ്ങി പുഴയായി ദേശീയപാത: അശാസ്ത്രീയ നിര്‍മ്മാണമെന്ന് നാട്ടുകാര്‍; പുന:പരിശോധിക്കണമെന്ന് ആവശ്യം
തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുങ്ങിയതോടെ പ്രദേശവാസികളില്‍ പലരും വെള്ളപ്പൊക്ക കെടുതിയിലായി
കാസര്‍കോട്: തിങ്കളാഴ്ച പെയ്ത അതിതീവ്ര മഴയില്‍ തലപ്പാടി- ചെങ്കള റീച്ച് ദേശീയ പാത മുങ്ങിയതോടെ നെട്ടോട്ടമോടിയത് പ്രദേശവാസികളാണ്. അടുത്തവര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതും മിനുക്ക് പണികള്‍ ഒഴിച്ച് ജോലികള്‍ 85 ശതമാനത്തോളം പൂര്‍ത്തിയാവുകയും ചെയ്ത തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുങ്ങിയതോടെ പ്രദേശവാസികളില്‍ പലരും വെള്ളപ്പൊക്ക കെടുതിയിലായി. ഇന്നലെയുണ്ടായ മഴയില്‍ ജില്ലയിലെ പലഭാഗങ്ങളിലും ദേശീയപാത പുഴയായി മാറുന്ന കാഴ്ചയാണ് കണ്ടത്. പല ഭാഗങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. ഇരുചക്ര വാഹനക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ ദേശീയപാതയിലും സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്ക് താഴെയുള്ള സര്‍വീസ് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഓവുചാലുകളുടെ പണി പാതി വഴിയിലായതിനാല്‍ ദേശീയപാതയുടെ സമീപത്ത് താമസിക്കുന്ന വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. അപ്രതീക്ഷിതമായ മഴയില്‍ വലിയ ദുരിതമാണ് ഉണ്ടായിട്ടുള്ളത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ദുരിതത്തിന് കാരണമെന്നാണ് ആക്ഷേപം.
ദേശീയപാത നിര്‍മ്മാണത്തില്‍ പരക്കെ തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. മതില്‍ കെട്ടിയുള്ള നിര്‍മ്മാണ രീതിയെ അന്ന് തന്നെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. മതിലുകള്‍ക്ക് പകരം തൂണുകള്‍ സ്ഥാപിച്ചുവേണം നിര്‍മ്മിക്കേണ്ടിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇത് കേള്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതിന്റെ ദുരിതമാണ് ഇന്ന് ദേശീയപാതയില്‍ ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളം ഒഴുകി പോകേണ്ട ഓവുചാല്‍ നിര്‍മ്മാണം തന്നെ അശാസ്ത്രീയം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതാണ് ദേശീയപാതയുടെ സമീപ പ്രദേശവാസികള്‍ക്ക് ദുരിതമായത്. അടുത്തവര്‍ഷം ആറുവരിപ്പാത തുറന്നുകൊടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. നിര്‍മ്മാണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഓരോ വര്‍ഷവും മഴക്കാലത്തെ ദുരിതവും അശാസ്ത്രീയതയും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ചെവികൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. മഴക്കാലത്ത് ഉപയോഗിക്കാനും മഴയെ പ്രതിരോധിക്കാനും പറ്റാത്ത തരത്തിലാണ് ആറുവരിപ്പാതയുടെ നിര്‍മ്മാണമെന്ന് നാട്ടുകാര്‍ പറയുന്നു.
പൂര്‍ത്തിയായ റോഡ് സംവിധാനത്തില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ ഇനിയെന്ത് സംവിധാനമാണ് ഉണ്ടാക്കാന്‍ കഴിയുകയെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാതെയുള്ള നിര്‍മ്മാണ പ്രവൃര്‍ത്തിയാണ് ദേശീയപാതയില്‍ നടക്കുന്നതെന്നും ആരോപണമുണ്ട്. ഷിറിയ, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ഇന്നലെയുണ്ടായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. വാഹനങ്ങള്‍ പകുതി ഭാഗവും മുങ്ങുന്ന സ്ഥിതിയായിരുന്നു. അതേസമയം അടുക്കത്ത്ബയല്‍, ചൗക്കി ഭാഗങ്ങളില്‍ ദേശീയപാതയില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന സ്ഥിതിയുള്ളതും ദുരിതമുണ്ടാക്കുന്നു.