മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികള്‍ പുരോഗമിക്കുന്നു; പള്ളിക്കാലിലും നെല്ലിക്കുന്നിലും കണ്‍വെന്‍ഷന്‍ നടന്നു

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാരമായുള്ള മുസ്ലിംലീഗ് വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ ഇന്നലെ രാത്രി തളങ്കര പള്ളിക്കാലിലും നെല്ലിക്കുന്നിലും നടന്നു. ഖാസിലേന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ കെ.എം ഹനീഫിന്റെ പേരാണ് ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടത്. നിലവിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫിന്റെയും വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അമാന്‍ അങ്കാറിന്റെയും പേരുകള്‍ പിന്നാലെ നിര്‍ദ്ദേശിക്കപ്പെട്ടു. ഹനീഫിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയാണെങ്കില്‍ അമാന്‍ അങ്കാര്‍ പിന്‍വലിക്കാനാണ് സാധ്യത. മറിച്ചാണെങ്കില്‍ മത്സരരംഗത്ത് ഉറച്ചുനിന്നേക്കും. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ നിരീക്ഷകനായിരുന്നു.
35-ാം വാര്‍ഡായ നെല്ലിക്കുന്നില്‍ മെഹറുന്നിസയുടെ പേരാണ് ഐക്യകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെട്ടത്. എന്‍.എ നെല്ലിക്കുന്നിന്റെ സഹോദരന്‍ എന്‍.എ ഹമീദിന്റെ ഭാര്യയാണ് മെഹറുന്നിസ. വാര്‍ഡ് മുസ്ലിംലീഗ് കണ്‍വെന്‍ഷനില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എം ബഷീര്‍, ജോ. സെക്രട്ടറി അമീര്‍ പള്ളിയാന്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബെദിര വാര്‍ഡ് മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ ഇന്ന് ചേരും.
ചെര്‍ക്കള ടൗണ്‍ വാര്‍ഡില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടത് 10ലേറെ പേരുകള്‍
ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍ വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിത്വത്തിന് നിര്‍ദ്ദേശിക്കപ്പെട്ടത് 10ലേറെ പേരുകള്‍. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ രണ്ട് ആണ്‍മക്കളുടെയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ സഹോദരന്റെയും പേരടക്കം സ്ഥാനാര്‍ത്ഥിത്വത്തിന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍പെടും. ജനറല്‍ വാര്‍ഡായ ഇവിടെ നിലവിലെ പഞ്ചായത്തംഗമായ സ്ത്രീയുടെ പേരും മേല്‍ കമ്മിറ്റിയുടെ പരിഗണനക്കായി അയച്ചിട്ടുണ്ട്. മുസ്ലിംലീഗിന് വന്‍ സ്വാധീനമുള്ള വാര്‍ഡുകളിലൊന്നാണ് ചെര്‍ക്കള ടൗണ്‍.

