പ്രവാസി വ്യവസായിയുടെ കൊലപാതകം; ബേക്കല്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് സഹോദരന്‍
ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ ബേക്കല്‍ പൊലീസ് ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് സഹോദരന്‍ ഷെരീഫ് ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പരാതി നല്‍കുമ്പോള്‍ തന്നെ നിലവിലെ പ്രതികളെ കുറിച്ച് സൂചന നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷമാണ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായതെന്നും സഹോദരന്‍ വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. പ്രതികള്‍ വന്‍ സ്വാധീനമുള്ള സംഘമാണ്. കര്‍ണാടകയിലെ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ട്. പിടിയിലായ സംഘത്തിന് ബേക്കലില്‍ തന്നെ പലരുമായും ബന്ധമുണ്ട്. മന്ത്രവാദം മറയാക്കി പല വീടുകളിലും സമീപിച്ചിട്ടുണ്ട്. പലരും ഭയന്നാണ് പുറത്ത് പറയാത്തത് . ബേക്കല്‍ പൊലീസിനെ സമീപിക്കുന്ന ഘട്ടങ്ങളില്‍ ഉമ്മയെയും ജ്യേഷ്ഠനെയും നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്നും ഷെരീഫ് കുറ്റപ്പെടുത്തി.
അതിനിടെ കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ പ്രതികളായ ടി.എം ഉവൈസ ്(32), കെ.എച്ച് ഷമീന (31), പി.എം അസ്‌നീഫ(36), ആയിഷ(43) എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന 596 പവന്‍ കാണാതായതോടെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.