പ്രവാസി വ്യവസായിയുടെ കൊലപാതകം: 100 പവന്‍ സ്വര്‍ണം കൂടി കണ്ടെടുത്തു
കാസര്‍കോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ തെളിവെടുപ്പിനിടെ അന്വേഷണസംഘം 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടി കണ്ടെടുത്തു. കാസര്‍കോട്ടെ മൂന്ന് ജ്വല്ലറികളില്‍ നിന്നും ചട്ടഞ്ചാലിനടുത്ത ഒരു സഹകരണസ്ഥാപനത്തില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. പ്രതികളെ ഇവിടങ്ങളിലേക്ക് തെളിവെടുപ്പിനെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. അബ്ദുല്‍ ഗഫൂര്‍ ഹാജിയില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കിയത് 596 പവന്‍ സ്വര്‍ണ്ണമാണെന്നാണ് കുടുംബം പറഞ്ഞത്. സ്വര്‍ണ്ണം വിവിധ ജ്വല്ലറികളിലും സ്ഥാപനങ്ങളിലുമായി വില്‍പ്പന നടത്തുകയായിരുന്നു. ഇതില്‍ 129 പവന്‍ മാത്രമാണ് ഇതുവരെയായി കണ്ടെടുക്കാനായത്. ഏതാനും ദിവസം മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണസംഘം പ്രതികളെയും കൊണ്ട് കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി 29 പവന്‍ സ്വര്‍ണ്ണം കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
മുഴുവന്‍ സ്വര്‍ണ്ണവും കണ്ടെടുക്കുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിച്ചതിനാല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി പറഞ്ഞു.
അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ ഉളിയത്തടുക്ക നാഷണല്‍ നഗര്‍ തുരുത്തി സ്വദേശിയും മാങ്ങാട് കൂളിക്കുന്നില്‍ താമസക്കാരനുമായ ടി.എം ഉവൈസ്(32), മാങ്ങാട് കൂളിക്കുന്ന് അണിഞ്ഞ റോഡിലെ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ(31), പൂച്ചക്കാട് സ്വദേശിനിയും മുക്കൂട് ജീലാനി നഗറില്‍ താമസക്കാരിയുമായ പി.എം അസ്‌നീഫ(36), മധൂര്‍ കൊല്യയിലെ ആയിഷ(43) എന്നിവരാണ് അറസ്റ്റിലായത്.