നിഗൂഢതകളുടെ ചുരുളഴിച്ച് അന്വേഷണ സംഘം; കൊലപാതകത്തിന് കൂട്ടുപിടിച്ചത് മന്ത്രവാദവും ആഭിചാര ക്രിയകളും

പിതാവിന്റെ മരണത്തിലും, ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന യുവതിയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് സൂചിപ്പിച്ച് ഗഫൂര്‍ ഹാജിയുടെ മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു

കാസര്‍കോട് ; പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ നിരവധി സംശയങ്ങളാണ് ചുരുളഴിഞ്ഞ് പുറത്ത് വന്നത്. 2023 ഏപ്രില്‍ 14ന് റമദാന്‍ മാസത്തിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യയും മക്കളും മരണസമയത്ത് ബന്ധുവീട്ടിലായിരുന്നു. അന്ന് തന്നെ മൃതദേഹം ഖബറടക്കി. പിന്നീട് ഗഫൂര്‍ ഹാജി സ്വര്‍ണം കടം വാങ്ങിയിരുന്നു എന്ന് പറഞ്ഞ് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ്് മകന് മരണത്തില്‍ സംശയം തോന്നിയത്. 12 ബന്ധുക്കളില്‍ നിന്നായി 596 പവന്‍ സ്വര്‍ണം ഗഫൂര്‍ വാങ്ങിയതായും ഇത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. പിതാവിന്റെ മരണത്തിലും, ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന യുവതിയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് സൂചിപ്പിച്ച് ഗഫൂര്‍ ഹാജിയുടെ മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിച്ചത്.

തുടര്‍ന്ന് 2023 ഏപ്രില്‍ 28ന് അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹം പൂച്ചക്കാട് മസ്ജിദ് ഖബര്‍ സ്ഥാനത്തില്‍ നിന്നും പുറത്തെടുക്കുകയും ആര്‍. ഡി.ഒയുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നില്ല. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയക്കുകയും ചെയ്തു. അബ്ദുല്‍ ഗഫൂറിന്റെ മരണം സംബന്ധിച്ച് ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തുകയും സംശയിക്കുന്നവരെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തിരുന്നു. ഗഫൂറിന്റെ വീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം കുഴിച്ചിട്ടിട്ടുണ്ടെന്ന് സംശയിച്ച സ്ഥലത്ത് കിളച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസിന് തുമ്പുണ്ടാക്കാന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡി.സി.ആര്‍.ബി നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് പ്രതികളിലേക്കെത്തിയത്.

മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ഷമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സ്വര്‍ണം ഇരട്ടിയാക്കാമെന്ന വാഗ്ദാനവും ആഭിചാരക്രിയകളുമായിരുന്നു സംഘത്തിന്റെ കൈമുതല്‍. പാതിരാത്രിയില്‍ മന്ത്രവാദം ചെയ്ത് മന്ത്രതകിട് കെട്ടുന്നതാണ് സംഘത്തിന്റെ രീതി. തുടര്‍ന്ന് ആഭിചാര ക്രിയ നടത്തിയ ശേഷം തട്ടിപ്പ് സംഘം ഗഫൂറില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ അടക്കം ലക്ഷങ്ങള്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണം കൈക്കലാക്കിയ ശേഷം സംഘം ഗഫൂര്‍ ഹാജിയെ തല മതിലില്‍ ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.


അബ്ദുല്‍ ഗഫൂറും യുവതിയും തമ്മിലുള്ള വാട്‌സ്ആപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഗഫൂര്‍ ഹാജിയില്‍ നിന്നും യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വര്‍ണ നിറമുള്ള ഈയകടലാസിലെഴുതിയ ആഭിചാര തകിടിന് ഗഫൂറില്‍ നിന്ന് സംഘം 55,000 രൂപ ഈടാക്കിയതായും വിവരം ലഭിച്ചു. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചു. സ്വര്‍ണം മൂന്നോളം ജ്വല്ലറികളില്‍ വിറ്റുവെന്ന മൊഴി ഉറപ്പിക്കാന്‍ ജില്ലയിലെ ചില സ്വര്‍ണ വ്യാപാരികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. യുവതിയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അകൗണ്ടുകളില്‍ വന്‍തുക നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്.വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സംഘത്തിന്റെ സഹായികളില്‍ ചിലര്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും യുവതിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവ ദിവസം പൂച്ചക്കാട് ഭാഗത്ത് കണ്ടെത്തിയതും സംശയത്തിന് കൂടുതല്‍ ബലം നല്‍കി.

ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. അബ്ദുല്‍ ഗഫൂറിന്റെ മരണം ദുരൂഹമാണെന്നും അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ട് രൂപീകരിച്ച കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളും കേസില്‍ തെളിവുകള്‍ ലഭിക്കാന്‍ നിര്‍ണായകമായി . ഗഫൂര്‍ ഹാജിയുടെ കുടുംബാംഗങ്ങളും കര്‍മസമിതിയും നാട്ടുകാരും ഉള്‍പ്പെടെ 40-ഓളം പേരുടെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it